കേളകം: കണിച്ചാർ പഞ്ചായത്തിലെ ജനകീയ ആംബുലൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സമ്പൂർണ സുതാര്യത ഉറപ്പാക്കണമെന്നും, ആംബുലൻസിന്റെ ഉടമസ്ഥാവകാശം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തിയ ശേഷമേ തുടർ പ്രവർത്തനം അനുവദിക്കാവൂ എന്നും കണിച്ചാർ പഞ്ചായത്ത് ഭരണസമിതി ആവശ്യപ്പെട്ടു. കേളകത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് ഭരണസമിതി ഇക്കാര്യം ആവശ്യപ്പെട്ടത്.

ജനകീയ ആംബുലൻസിന്റെ ആർ.സി. (രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്) ഉടമസ്ഥാവകാശം പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലാണെന്നും, മുൻ ഭരണസമിതി പുതിയ ഭരണസമിതിക്ക് ആംബുലൻസ് ഔദ്യോഗികമായി ഹാൻഡ് ഓവർ ചെയ്തിട്ടില്ലെന്നും ഭരണസമിതി ആരോപിച്ചു. ഇതുസംബന്ധിച്ച് പോലീസിൽ പരാതി നൽകിയതായും, വിഷയത്തിൽ വ്യക്തത വരുത്തുന്നതുവരെ ആംബുലൻസിന്റെ സർവീസ് നിർത്തിവയ്ക്കാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ അറിയിച്ചു.

ജനകീയ ആംബുലൻസ് വാങ്ങുന്നതിനായി സമാഹരിച്ച ഫണ്ടിന്റെയും ചെലവിന്റെയും പൂർണ കണക്ക് പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധീകരിക്കണം. പ്രവർത്തനത്തിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്നും, പഞ്ചായത്തിന്റെ പേരിൽ വാങ്ങിയ ആംബുലൻസ് എന്തുകൊണ്ടാണ് പഞ്ചായത്തിന്റെ ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് മുൻ ഭരണസമിതി വ്യക്തമാക്കണമെന്നും വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

നിലവിൽ സിപിഎം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് ജനകീയ ആംബുലൻസിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നടക്കുന്നതെന്നും, പഞ്ചായത്തിന്റെ പേരിൽ വാങ്ങിയ ആംബുലൻസ് ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ നിയന്ത്രണത്തിലല്ല, രാഷ്ട്രീയഭേദമന്യേ എല്ലാ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പൊതുസേവന സംവിധാനമായി പ്രവർത്തിക്കണമെന്നും ഭരണസമിതി ആവശ്യപ്പെട്ടു.

ജനകീയ ആംബുലൻസുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സമഗ്ര അന്വേഷണം നടത്തി വസ്തുതകൾ പുറത്തുകൊണ്ടുവരണമെന്നും, നിയമപരവും ഭരണപരവുമായ നടപടികൾ പൂർത്തിയാക്കി പ്രവർത്തനത്തിൽ സുതാര്യത ഉറപ്പാക്കണമെന്നും ഭരണസമിതി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 

വസ്തുതകൾ മറച്ചുവെക്കാൻ ഉള്ളതുകൊണ്ടാണ് ഇതുവരെ പൊതുജനങ്ങളുടെ മുമ്പിൽ കണക്കുകൾ വെക്കാത്തതെന്നും പുതിയ ഭരണസമിതി ആരോപിച്ചു. പത്രസമ്മേളനത്തിൽ കണിച്ചാർ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യ പോൾ, വൈസ് പ്രസിഡൻറ് ചാക്കോ തൈകുന്നേൽ, പഞ്ചായത്ത് അംഗങ്ങളായ വിനോയ് ജോർജ്, ജിബിൻ തൈയിൽ എന്നിവർ പങ്കെടുത്തു.