തകരാറിലായ ഐഫോൺ മാറ്റിനൽകിയില്ല; തിരൂർ സ്വദേശിക്ക് 1.09 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ഉപഭോക്തൃ കോടതി

 



മലപ്പുറം: ഐഫോൺ വാങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ തകരാറിലാകുകയും, പലതവണ സർവീസ് ചെയ്തിട്ടും പ്രശ്നത്തിന് പരിഹാരം കാണാതിരിക്കുകയും ചെയ്ത സംഭവത്തിൽ ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ സുപ്രധാന ഉത്തരവ്. ഫോൺ മാറ്റി നൽകണമെന്ന ഉടമയുടെ ആവശ്യം കമ്പനി നിരാകരിച്ചതോടെയാണ് തിരൂർ സ്വദേശിയായ ഫൈസൽ നിയമപോരാട്ടത്തിന് ഇറങ്ങിയത്. ഒടുവിൽ 1,09,250 രൂപ ഉപഭോക്താവിന് നൽകാൻ മലപ്പുറം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിടുകയായിരുന്നു.

മകന്റെ പഠനാവശ്യങ്ങൾക്കായി 2023 സെപ്റ്റംബർ 13നാണ് തിരൂർ പുറത്തൂർ ചേന്നര സ്വദേശി ഫൈസൽ ഐഫോൺ 14 പ്ലസ് വാങ്ങിയത്. എന്നാൽ ഫോൺ വാങ്ങി ആഴ്ചകൾക്കുള്ളിൽ തന്നെ ഇതിൽ തകരാറുകൾ കണ്ടുതുടങ്ങി. ഉപയോഗിക്കാൻ കഴിയാത്ത രീതിയിൽ ഫോൺ അമിതമായി ചൂടാകുന്നതും, മുൻ ക്യാമറയുടെ ക്ലാരിറ്റി തീരെ മോശമായതുമായിരുന്നു പ്രധാന പ്രശ്നങ്ങൾ. ഒരു ഐഫോണിന്റെ അടിസ്ഥാന നിലവാരമില്ലാത്ത രീതിയിലായിരുന്നു ക്യാമറ പ്രവർത്തിച്ചിരുന്നത്.

തകരാറുകൾ പരിഹരിക്കാൻ വേണ്ടി ഫൈസലും മകനും അഞ്ചാറു തവണയോളം അംഗീകൃത സർവീസ് സെന്ററിൽ കയറിയിറങ്ങിയെങ്കിലും യാതൊരു പ്രയോജനവുമുണ്ടായില്ല. പ്രശ്നം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫോൺ മാറ്റി നൽകാനോ അല്ലെങ്കിൽ പണം തിരികെ നൽകാനോ ഇവർ ആവശ്യപ്പെട്ടു. എന്നാൽ വാറൻ്റി കാലാവധിയിലായിരുന്നിട്ടും ഫോൺ മാറ്റിനൽകാൻ കഴിയില്ലെന്നും, വീണ്ടും റിപ്പയർ ചെയ്ത് നൽകാമെന്നുമുള്ള നിഷേധാത്മക നിലപാടാണ് കമ്പനി അധികൃതർ സ്വീകരിച്ചത്. ഇതോടെയാണ് ഫൈസൽ നിയമപരമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

പരാതിക്കാരൻ്റെ വാദങ്ങൾ ശരിവെച്ച ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, ഉപഭോക്താവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയായിരുന്നു. ഫോണും ചാർജറും ഉൾപ്പെടെയുള്ള അനുബന്ധ സാധനങ്ങളും വാങ്ങാൻ ചിലവായ 92,250 രൂപ കമ്പനി തിരികെ നൽകണം. ഇതിനുപുറമെ, ഉപഭോക്താവിനുണ്ടായ ബുദ്ധിമുട്ടുകൾക്കും മനോവിഷമത്തിനും നഷ്ടപരിഹാരമായി 10,000 രൂപയും, കേസ് ചിലവുകൾക്കായി 7,000 രൂപയും നൽകാനും കോടതി ഉത്തരവിട്ടു. ഇതടക്കം ആകെ 1,09,250 രൂപയാണ് കമ്പനി നൽകേണ്ടത്.

വിധി പ്രസ്താവിച്ച് 45 ദിവസത്തിനകം തുക നൽകണമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ കാലയളവിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം വാർഷിക പലിശ സഹിതം തുക നൽകേണ്ടി വരും. വാറൻ്റി കാലയളവിൽ ഉൽപ്പന്നങ്ങൾക്ക് തകരാർ സംഭവിച്ചാൽ കോടതിയെ സമീപിക്കാൻ കാലതാമസമെടുക്കുമെന്ന് കരുതി പിന്മാറുന്ന ഉപഭോക്താക്കൾക്ക് വലിയൊരു ആത്മവിശ്വാസം നൽകുന്നതാണ് ഈ വിധി. ഉപഭോക്താവിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടാൻ ഇത്തരം നിയമപോരാട്ടങ്ങൾ അനിവാര്യമാണെന്ന് കൺസ്യൂമർ കോടതി ഈ വിധിയിലൂടെ ഓർമപ്പെടുത്തുന്നു.

Post a Comment

0 Comments