ദിവസവും 20 മണിക്കൂർ ജോലി, പുലർച്ചെ നാല് മണിക്ക് റിവ്യൂ കോൾ; വിജയിയുടെ ദിനചര്യ വെളിപ്പെടുത്തി മന്ത്രി




 ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അമ്പരപ്പിക്കുന്ന വിജയം നേടി മുഖ്യമന്ത്രി പദവിയിലെത്തിയ വിജയിയുടെ ദിനചര്യകൾ വെളിപ്പെടുത്തി അദ്ദേഹത്തിന്റെ വിശ്വസ്തനും പൊതുമരാമത്ത്-കായിക വകുപ്പ് മന്ത്രിയുമായ ആദവ് അർജുന. തമിഴകത്തിന്റെ പ്രിയപ്പെട്ട സിനിമാ താരത്തിൽ നിന്നും ഒരു മുഴുനീള ഭരണാധികാരിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം വളരെ വലുതാണെന്നും, സംസ്ഥാനത്തിന്റെ ഭരണകാര്യങ്ങൾക്കായി മുഖ്യമന്ത്രി ഇപ്പോൾ ഒരു ദിവസം 20 മണിക്കൂറോളം സമയമാണ് മാറ്റിവെക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആഘോഷങ്ങളിലല്ല, മറിച്ച് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എങ്ങനെ വേഗത്തിൽ പാലിക്കാമെന്ന ചിന്തയിലാണ് മുഖ്യമന്ത്രിയെന്ന് ആദവ് അർജുന പറയുന്നു. 'ഞങ്ങളുടെ നേതാവ് പ്രതിദിനം 18 മുതൽ 20 മണിക്കൂർ വരെയാണ് ജനങ്ങൾക്കായി ജോലി ചെയ്യുന്നത്. പുലർച്ചെ നാല് മണിക്ക് തന്നെ അദ്ദേഹം ഞങ്ങളെ വിളിക്കും. ഓരോ വകുപ്പുകളിലും എന്തൊക്കെയാണ് നടക്കുന്നതെന്ന് കൃത്യമായി ചോദിച്ചറിയും. ഇങ്ങനെയൊരു മുഖ്യമന്ത്രിയെയാണ് തമിഴ്നാടിന് ലഭിച്ചിരിക്കുന്നത്,' ആദവ് അർജുന പറഞ്ഞു.

അധികാരത്തിന്റെ യാതൊരു അഹങ്കാരവും മുഖ്യമന്ത്രിയായ വിജയിക്കില്ലെന്നും, പൂർണമായും ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. അധികാരമേറ്റ ദിവസം മുതൽ സെക്രട്ടറിയേറ്റിൽ ഒരു 'രാഷ്ട്രീയ സന്യാസിയെ' പോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും ആദവ് അർജുന പറഞ്ഞു.

സർക്കാരിന്റെ ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ തന്നെ അഴിമതിക്കും സാമ്പത്തിക ചോർച്ചകൾക്കുമെതിരെ കർശന നടപടികളാണ് സർക്കാർ സ്വീകരിച്ചത്. ഭരണരംഗത്ത് കൂടുതൽ സുതാര്യത കൊണ്ടുവരാൻ മുഖ്യമന്ത്രി പ്രത്യേകം നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അഴിമതി താഴെത്തട്ടിൽ ഒറ്റയടിക്ക് മാറ്റുക എളുപ്പമല്ലെങ്കിലും, മുകൾത്തട്ടിൽ നിന്ന് തന്നെ ഭരണയന്ത്രം ശുദ്ധീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ആദവ് അർജുന കൂട്ടിച്ചേർത്തു.

Post a Comment

0 Comments