ഡൽഹി: ഓണക്കാലത്ത് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ അമിത നിരക്ക് നിയന്ത്രിക്കുകയും അധിക വിമാന സർവീസുകൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി രാം മോഹൻ നായിഡുവിനെ നേരിൽ കണ്ട് കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി നിവേദനം നൽകി. വിഷയം അടിയന്തരമായി ലോക്സഭയിൽ ഉന്നയിക്കുന്നതിനായി ശൂന്യവേളയിൽ നോട്ടീസും നൽകി.
ഓണക്കാലത്ത് കേരളത്തിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വൻതോതിൽ മലയാളികൾ എത്തുന്ന സാഹചര്യത്തിൽ വിമാന ടിക്കറ്റുകളുടെ നിരക്ക് കുത്തനെ ഉയരുന്നതും സീറ്റുകളുടെ ലഭ്യത കുറയുന്നതും ഗുരുതരമായ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന് എംപി മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, പൂനെ, അഹമ്മദാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിൽ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകളിലാണ് ആവശ്യകത വർധിക്കുന്നത്. ഉയർന്ന വിമാനക്കൂലി സാധാരണ കുടുംബങ്ങൾക്കും വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഓണത്തിന് നാട്ടിലെത്തുന്ന പ്രവാസികൾക്കും വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.
ഈ സാഹചര്യത്തിൽ കേരളത്തിലേക്കുള്ള അധികവും പ്രത്യേകവുമായ വിമാന സർവീസുകൾ അനുവദിക്കുക, ഉയർന്ന ആവശ്യകതയുള്ള റൂട്ടുകളിൽ അധിക ഫ്രീക്വൻസികൾ ഏർപ്പെടുത്തുക, കേരളത്തിലെ വിമാനത്താവളങ്ങളിൽ ആവശ്യമായ അധിക സ്ലോട്ടുകൾ അനുവദിക്കുക തുടങ്ങിയ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.
ഓണക്കാലത്തെ അസാധാരണമായ യാത്രാ ആവശ്യകത മുതലെടുത്ത് വിമാനക്കൂലി അന്യായമായി വർധിപ്പിക്കുന്ന സാഹചര്യം ഒഴിവാക്കാൻ നിരക്കുകൾ കർശനമായി നിരീക്ഷിക്കണമെന്നും എംപി ആവശ്യപ്പെട്ടു. അമിതമായി നിരക്ക് ഉയരുന്ന റൂട്ടുകളിൽ യുക്തിസഹമായ നിരക്ക് പരിധി ഏർപ്പെടുത്തുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്നും, ഡൈനാമിക് പ്രൈസിംഗ് സംവിധാനവും സീറ്റ് ലഭ്യതയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) വഴി നിരീക്ഷിച്ച് ആവശ്യമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം നിർദേശിച്ചു.
അധിക വിമാന സർവീസുകൾ, ലഭ്യമായ സീറ്റുകൾ, വിവിധ നിരക്ക് വിഭാഗങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ യാത്രക്കാർക്ക് സുതാര്യമായി ലഭ്യമാക്കുന്നതിനും വിമാനക്കമ്പനികൾക്ക് നിർദേശം നൽകണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
“കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സാംസ്കാരിക ആഘോഷമായ ഓണം കുടുംബത്തോടൊപ്പം ആഘോഷിക്കാൻ നാട്ടിലെത്താൻ ആഗ്രഹിക്കുന്ന സാധാരണക്കാരെ അമിത വിമാനക്കൂലി മൂലം ബുദ്ധിമുട്ടിലാക്കരുത്. സീറ്റുകളുടെ കുറവും അമിത നിരക്കും അടിയന്തരമായി പരിഹരിക്കേണ്ട വിഷയമാണ്. കേന്ദ്ര സർക്കാർ ഇടപെട്ട് അധിക വിമാന സർവീസുകൾ ഉറപ്പാക്കുകയും അമിത നിരക്ക് നിയന്ത്രിക്കുന്നതിന് ഫലപ്രദമായ സംവിധാനം ഏർപ്പെടുത്തുകയും വേണം,” കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
കേരളത്തിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുകയും ഓണക്കാലത്തെ അമിത വിമാനക്കൂലി നിയന്ത്രിക്കുകയും ചെയ്യുന്നതിന് കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയവും ഡിജിസിഎയും അടിയന്തര നടപടി സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ ആവശ്യപ്പെട്ടു.
%20(1).jpg)
0 Comments