അടൂർ: പത്തനംതിട്ട അടൂരിൽ നിയമം ലംഘിച്ച വാഹനത്തിന് പിഴ ചുമത്തിയതിന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത നടപടിയിൽ കടുത്ത പ്രതിഷേധവുമായി ഉദ്യോഗസ്ഥ സംഘടനകൾ രംഗത്തെത്തി. നിയമപ്രകാരം പ്രവർത്തിച്ച ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ച്, നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കാതെ മാറിനിൽക്കാനും ഗതാഗത കമ്മീഷണറേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും ഉദ്യോഗസ്ഥർ തീരുമാനിച്ചു.
അടൂരിൽ നിയമവിരുദ്ധമായി അതിതീവ്ര ലൈറ്റുകൾ ഘടിപ്പിച്ച ഒരു വാഹനത്തിന് പിഴയിട്ടതുമായി ബന്ധപ്പെട്ടാണ് ഗതാഗത വകുപ്പ് രണ്ട് എഎംവിഐമാരെ സസ്പെൻഡ് ചെയ്തത്. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട വാഹനത്തിനാണ് പിഴ ചുമത്തിയതെന്നാണ് നടപടിക്ക് കാരണമായി അധികൃതർ പറയുന്നത്. എന്നാൽ ഈ സമയത്ത് വാഹനം ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടില്ലെന്നും, ഹൈക്കോടതിയുടെയും സർക്കാരിന്റെയും ഉത്തരവുകൾ പ്രകാരം നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കിയതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. നിയമം കൃത്യമായി നടപ്പിലാക്കിയവരെ സസ്പെൻഡ് ചെയ്തത് സേനയ്ക്കുള്ളിൽ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്.
സസ്പെൻഷൻ നടപടി ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കടുത്ത നിസഹകരണത്തിലേക്കാണ് മോട്ടോർ വാഹന വകുപ്പിലെ പ്രധാന സംഘടനകൾ കടക്കുന്നത്. ഇതിന്റെ ഭാഗമായി ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്ഥർ ഇന്ന് മുതൽ കറുത്ത ബാഡ്ജ് ധരിച്ചാണ് ജോലിക്കെത്തുന്നത്. ഇനിമുതൽ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയാലും പിഴ ഈടാക്കേണ്ടതില്ലെന്നും, പകരം റോഡ് സുരക്ഷാ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഇതിന് പുറമെ, എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള അപ്രൂവൽ നൽകുന്നതും നിർത്തിവെക്കും. കൂടാതെ, ഉദ്യോഗസ്ഥർക്ക് അനുവദിച്ചിട്ടുള്ള വാഹനങ്ങളിൽ ഡ്രൈവർമാരുടെ അഭാവം ഉണ്ടാകുമ്പോൾ എഎംവിഐമാരോ എംവിഐമാരോ സ്വയം വാഹനങ്ങൾ ഓടിക്കുന്ന പതിവ് ഇനിമുതൽ ഉണ്ടാകില്ലെന്നും ഡ്രൈവർ ഡ്യൂട്ടി ഉദ്യോഗസ്ഥർ ചെയ്യേണ്ടതില്ലെന്നും സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്.
ഗതാഗത കമ്മീഷണറേറ്റിൽ നിന്നും മറ്റ് ഉന്നത അധികാരികളിൽ നിന്നും കടുത്ത വിവേചനമാണ് നേരിടുന്നതെന്ന് സംഘടനകൾ ആരോപിക്കുന്നു. നിയമം നടപ്പിലാക്കുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നിലപാടുകൾ വകുപ്പ് മേധാവികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല എന്നതാണ് പ്രധാന വിമർശനം. കേരള മോട്ടോർ വെഹിക്കിൾസ് ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷനും, കേരള അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടേഴ്സ് അസോസിയേഷനുമാണ് ഈ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുന്നത്. സസ്പെൻഷൻ പിൻവലിക്കുക, ഉദ്യോഗസ്ഥർക്കെതിരായ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ മാസം 22-ാം തീയതി ഗതാഗത കമ്മീഷണറേറ്റിലേക്ക് മാർച്ചും ധർണയും നടത്താനും സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
%20(1).jpg)
0 Comments