ഇന്ത്യൻ റെയിൽവേയിൽ സെക്ഷൻ കൺട്രോളർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡുകളിലായി (ആർആർബി) ആകെ 119 ഒഴിവുകളാണുള്ളത്. താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. എഴുത്തു പരീക്ഷ, ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്, സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം അല്ലെങ്കിൽ തത്തുല്യം.
അടിസ്ഥാന ശമ്പളം: പ്രതിമാസം 35,400 രൂപ.
പ്രായപരിധി: 2026 ജൂലായ് ഒന്നിന് 20-നും 33-നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. (അതായത്, 1993 ജൂലായ് രണ്ടിനും 2026 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം)
ഉയർന്ന പ്രായപരിധിയിൽ എസ്സി, എസ്ടി വിഭാഗക്കാർക്ക് അഞ്ചു വർഷത്തെയും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കുന്നതാണ്. ഭിന്നശേഷിക്കാർക്ക് ജനറൽ വിഭാഗത്തിൽ 10 വർഷവും, ഒബിസി വിഭാഗത്തിൽ 13 വർഷവും, എസ്സി/എസ്ടി വിഭാഗത്തിൽ 15 വർഷവും ഇളവ് ലഭിക്കും. പുനർവിവാഹിതരാവാത്ത വിവാഹമോചിതർക്കും വിധവകൾക്കും 35 വയസ് വരെ അപേക്ഷിക്കാം (ഒബിസി- 38, എസ്സി/എസ്ടി- 40). വിമുക്തഭടന്മാർക്കും നിയമാനുസൃതമായ ഇളവുകൾ ലഭ്യമാണ്.
അപേക്ഷാ ഫീസ്
വനിതകൾ, ട്രാൻസ്ജെൻഡർ, എസ്സി/എസ്ടി, ന്യൂനപക്ഷങ്ങൾ, വിമുക്തഭടന്മാർ, 50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ഒബിസി വിഭാഗക്കാർ എന്നിവർക്ക് 250 രൂപയാണ് ഫീസ്. പരീക്ഷയെഴുതുന്ന പക്ഷം ഈ തുക മുഴുവനായും അവർക്ക് തിരികെ ലഭിക്കും. മറ്റ് ജനറൽ വിഭാഗക്കാർക്ക് 500 രൂപയാണ് ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ഇവർക്കും പരീക്ഷയെഴുതിയാൽ 400 രൂപ തിരികെ ലഭിക്കുന്നതാണ്. ഫീസ് ഓൺലൈനായി തന്നെ അടയ്ക്കണം.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://rrb.indianrailways.gov.in വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷിക്കുന്ന സമയത്ത് ഉദ്യോഗാർഥികൾ തങ്ങളുടെ ലൈവ് ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഏതെങ്കിലും ഒരു ആർആർബിയിലേക്ക് മാത്രമേ ഒരാൾക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ. 03/2026 എന്ന വിജ്ഞാപന നമ്പറിലുള്ള ഈ ഒഴിവുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 14 ആണ്. കൂടുതൽ വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.

0 Comments