ഇറാനെതിരെ പദ്ധതിയിട്ട ആക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ക്ക് കനത്ത മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.
ഇറാനെതിരെ പദ്ധതിയിട്ട ആക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യല്‍ പോസ്റ്റിലൂടെയാണ് അറിയിച്ചത്. ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും കരാറിലെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പറഞ്ഞു. ഇറാനും മറ്റ് പശ്ചിമേഷ്യന്‍ രാജ്യങ്ങളും അപേക്ഷിച്ചതിനെ തുടര്‍ന്നാണ് ആക്രമണങ്ങള്‍ വേണ്ടെന്ന് വച്ചതെന്നും ട്രംപ് വ്യക്തമാക്കി. സൗദി അറേബ്യയുടെ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ സല്‍മാനുമായി സംഭാഷണം നടത്തിയശേഷമാണ് ട്രംപിന്റെ പ്രഖ്യാപനം.
ഇറാനെതിരെ കനത്ത ആക്രമണമുണ്ടാകുമെന്ന് ട്രംപ് ഇന്നലെ പ്രസ്താവിച്ചിരുന്നു. അമേരിക്ക ഇറാനെതിരെ നടത്തുന്ന ഏതൊരാക്രമണത്തിനും കനത്ത മറുപടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു. പാകിസ്താന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറുമായും തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാനുമായും അരഗ്ചി സംഭാഷണം നടത്തി. അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളുടെ പ്രദേശവും സൗകര്യങ്ങളും ഉപയോഗിക്കുന്നത് തടയേണ്ടത് മേഖലയിലെ സര്‍ക്കാരുകളുടെ നിയമപരവും മതപരവും ധാര്‍മ്മികവുമായ കടമയാണെന്ന് ഇറാന്‍ വ്യക്തമാക്കി.
അതിനിടെ, അമേരിക്കക്കാര്‍ പശ്ചിമേഷ്യ വിടാന്‍ തയാറെടുക്കണമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് യാത്രാ മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ലെബനോണിലേക്ക് ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. ഗസയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇന്നലെ ഒമ്പത് പേര്‍ കൊല്ലപ്പെട്ടു.
0 Comments