'ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ശാശ്വത പരിഹാരമുണ്ടാകും'; മുതലപ്പൊഴി സന്ദർശിച്ച് ആഭ്യന്തര മന്ത്രിയും ഫിഷറീസ് മന്ത്രിയും


തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലിൽ കാണാതായ മത്സ്യത്തൊഴിലാളി ജോണിന്റെ വീട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂറും സന്ദർശിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പൂർണമായും പങ്കുചേരുന്നതായും, സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രിമാർ ഉറപ്പുനൽകി. ജോണിന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷം ഇരുവരും നിരന്തരം അപകടങ്ങൾ നടക്കുന്ന മുതലപ്പൊഴിയിലും സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. കാണാതായവർക്കായുള്ള തിരച്ചിൽ നാവികസേന, തീരദേശ പൊലീസ്, കോസ്റ്റ് ഗാർഡ് എന്നിവരുടെ നേതൃത്വത്തിൽ സജീവമായി നടക്കുകയാണെന്നും ഇതിൽ യാതൊരു വീഴ്ചയും ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

മുതലപ്പൊഴി ഹാർബറിലെ അശാസ്ത്രീയമായ നിർമാണമാണ് നിരന്തരമുള്ള അപകടങ്ങൾക്ക് കാരണമെന്ന പരാതി പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനം നടത്തി ഒരു ശാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. 'ഇനിയൊരു ജീവൻ പോലും ഇവിടെ പൊലിയാൻ പാടില്ല, ഒരു വള്ളവും തകരാൻ പാടില്ല. അതിനനുസരിച്ചുള്ള ശക്തമായ നടപടികളും ശാശ്വത പരിഹാരവും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകും,' അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ജൂലൈയിൽ സിഡബ്ല്യുപിആർഎസ് സംഘം മുതലപ്പൊഴി സന്ദർശിച്ചിരുന്നു. ഇവരുടെ റിപ്പോർട്ടും പ്രദേശത്തെ മത്സ്യത്തൊഴിലാളികളുടെ അഭിപ്രായങ്ങളും പരിഗണിച്ചാകും തുടർനടപടികൾ സ്വീകരിക്കുക. ഇതിനുള്ള സാങ്കേതിക അനുമതി ലഭിച്ചാലുടൻ ബാക്കി നിർമാണ പ്രവർത്തനങ്ങൾ തുടങ്ങും. ഇതിന് മുന്നോടിയായി മുതലപ്പൊഴിയിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിനായുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കിയിട്ടുണ്ടെന്നും, ഡ്രെഡ്ജിങ് ഉടൻ തന്നെ ആരംഭിക്കുമെന്നും ഫിഷറീസ് മന്ത്രി വ്യക്തമാക്കി.

രക്ഷാപ്രവർത്തനം വൈകി എന്ന തരത്തിലുള്ള ആരോപണങ്ങൾ ഫിഷറീസ് മന്ത്രി വി.ഇ അബ്ദുൾ ഗഫൂർ തള്ളി. രാവിലെ ഏഴ് മണിക്ക് തന്നെ എംഎൽഎ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും ഒരേസമയം മൂന്നിടങ്ങളിൽ തിരച്ചിൽ ആരംഭിക്കുകയും ചെയ്തിരുന്നു. കൂടാതെ, സംസ്ഥാന ചരിത്രത്തിൽ തന്നെ ആദ്യമായാണ് അപകടം നടന്ന ആദ്യ മണിക്കൂറുകളിൽ തന്നെ രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ സേവനം ലഭ്യമാക്കിയതെന്ന് എംഎൽഎ തന്നോട് ചൂണ്ടിക്കാട്ടിയതായും മന്ത്രി കൂട്ടിച്ചേർത്തു. കോസ്റ്റൽ പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയിരുന്നു.

അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യ മണിക്കൂറുകളിൽ തന്നെ ഏറ്റവും വേഗത്തിൽ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനായി ഫിഷറീസ് വകുപ്പ് പുതിയൊരു പ്രവർത്തന മാർഗരേഖ തയ്യാറാക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളിൽ ഈ എസ്ഒപി നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. ഇതിനൊപ്പം തന്നെ നിലവിൽ അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് നേരിടുന്ന കോസ്റ്റൽ പൊലീസിനെ കൂടുതൽ സജ്ജമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കടലിൽ അപകടങ്ങൾ നടക്കുമ്പോൾ രക്ഷാപ്രവർത്തനത്തിനായി കോസ്റ്റ് ഗാർഡിന്റെ സേവനം ലഭ്യമാകുന്നതിലെ കാലതാമസം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. നിലവിൽ ബോംബെയിൽ നിന്നുള്ള പ്രത്യേക അനുമതി ലഭിച്ചതിന് ശേഷം മാത്രമേ കോസ്റ്റ് ഗാർഡിന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങാൻ കഴിയുന്നുള്ളൂ. ഈ കാലതാമസം ഒഴിവാക്കാനും, കോസ്റ്റ് ഗാർഡിന്റെ സേവനം വേഗത്തിൽ ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്നും ഇരുവരും വ്യക്തമാക്കി.

Post a Comment

0 Comments