തിരുവനന്തപുരം: ലയണൽ മെസ്സിയുടെയും അർജന്റീനാ ഫുട്‌ബോൾ ടീമിന്റെയും കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ജി.എസ്.ടി. അടച്ചില്ലെന്ന ആരോപണം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി.) രൂപവത്കരിച്ചു.
കായികവകുപ്പ് സെക്രട്ടറി എൻ. പ്രശാന്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. ജി.എസ്.ടി. ഡെപ്യൂട്ടി കമ്മിഷണർ സി. ബ്രിജേഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘം കേസന്വേഷിക്കും.
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിക്കുനേരേയാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട മുഴുവൻ സാമ്പത്തിക ഇടപാടുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കും. മറ്റു വകുപ്പുകളുടെ കൈവശമുള്ള രേഖകൾ വിളിച്ചുവരുത്തി പരിശോധിക്കാൻ സംഘത്തിന് അനുമതിനൽകി.
സർക്കാരിന് ജി.എസ്.ടി. നഷ്ടമുണ്ടാക്കിയെന്നും പൊതുമുതൽ സ്വകാര്യകമ്പനിയുടെ ലാഭത്തിനായി വിനിയോഗിച്ചെന്നുമുള്ള റിപ്പോർട്ട് പരിശോധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. സ്‌പോൺസറായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ മൂലധന ഉറവിടം, രജിസ്‌ട്രേഷൻ എന്നിവയെക്കുറിച്ചും അന്വേഷണമുണ്ടാകും. സംഭവത്തിൽ നേരത്തേ കാഞ്ഞങ്ങാട് ജി.എസ്.ടി. ഇന്റലിജൻസ് ഓഫീസ് കേസെടുത്തിരുന്നു. 216 കോടി വിദേശത്തേക്ക് കൈമാറിയതിൽ 22.68 കോടി രൂപ ജി.എസ്.ടി. അടയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കേസ്. എന്നാൽ, മുൻസർക്കാർ, കേസെടുത്ത ഉദ്യോഗസ്ഥനെ സ്ഥലംമാറ്റുകയും കേസിലെ തുടർനടപടി നിർത്തുകയും ചെയ്തു. യു.ഡി.എഫ്. സർക്കാർ ഈ കേസ് വീണ്ടും പരിശോധിക്കാൻ തീരുമാനിച്ചു. തുടർന്ന് കമ്പനി ചെയർമാൻ ആന്റോ അഗസ്റ്റിൻ കാഞ്ഞങ്ങാട് ജി.എസ്.ടി. ഓഫീസിൽ മൊഴിനൽകിയിരുന്നു.
0 Comments