വിദ്യാർഥി സമരത്തിനുനേരെയുള്ള പോലീസ് അതിക്രമം: ഉന്നതാധികാര അന്വേഷണ സമിതിക്ക് രൂപംനൽകി സുപ്രീം കോടതി



ന്യൂഡൽഹി: നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ജന്തർ മന്തറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്കുനേരെ പോലീസും പാരാമിലിട്ടറിയും ഉൾപ്പെടെയുള്ള സുരക്ഷാസേനയുടെ അതിക്രമം ഉണ്ടായെന്ന ആരോപണം അന്വേഷിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതിക്ക് രൂപംനൽകി സുപ്രീം കോടതി. സുപ്രീം കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് സുഭാഷ് റെഡ്ഡി സമിതിക്ക് നേതൃത്വം നൽകും. ഇത് സംബന്ധിച്ച ഉത്തവ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.

ഹൈക്കോടതിയിൽനിന്ന് വിരമിച്ച രണ്ട് ജഡ്ജിമാരും സമിതിയിലുണ്ട്. പഞ്ചാബ്-ഹരിയാണ ഹൈക്കോടതിയിൽനിന്ന് വിരമിച്ച മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ, ഡൽഹി ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് ശൈലേന്ദ്ര കൗർ, സിബിഐ മുൻ ഡയറക്ടർ ഋഷികുമാർ ശുക്ല, ഐ.ആർ. ബിഷ്‌ണോയി തുടങ്ങിയവരാണ് മറ്റ് അംഗങ്ങൾ.

വിദ്യാർഥികൾക്കുനേരെയുള്ള പെലറ്റ് ഗൺ ഉപയോഗം, പോലീസ് അതിക്രമം നടന്നിട്ടുണ്ടോ, ഇലക്ട്രിക് ബാറ്റൺ മുന്നറിയിപ്പില്ലാതെ ഉപയോഗിച്ചിട്ടുണ്ടോ, പ്രതിഷേധത്തെ നേരിടുന്നതിൽ പരിധികഴിഞ്ഞ ബലപ്രയോഗം നടന്നിട്ടുണ്ടോ തുടങ്ങി വിവിധ വിഷയങ്ങൾ സമിതി പരിശോധിക്കും.

Post a Comment

0 Comments