കണ്ണൂർ :- പരിസ്ഥിതിലോലവിഷയത്തില്‍ ഭരണസംവിധാനങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും പശ്ചിമഘട്ടത്തിലെ ജനസമൂഹത്തെ ഒന്നര പതിറ്റാണ്ടായി വഞ്ചിക്കുകയാണെന്നും പുതിയ വിജ്ഞാപനം ജനങ്ങളില്‍ കൂടുതല്‍ ആശങ്ക സൃഷ്ടിക്കുന്നുവെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന നേതാക്കൾ പ്രസ്താവനയിൽ ആരോപിച്ചു. ജനവാസ മേഖലകളെ ഒഴിവാക്കി സംസ്ഥാന ഗവൺമെൻ്റ് പല തവണ റിപ്പോർട്ട് കൊടുത്തിട്ടും ആയത് അംഗീകരിക്കാതെ ഭൂമിയുടെ ഉപയോഗത്തിന് അനാവശ്യ നിബന്ധനവയ്ക്കുന്ന കേന്ദ്ര ഗവൺമെൻ്റിനെതിരെ സമാന സ്വഭാവളുള്ള സംഘടനകളുമായി ചേർന്ന് ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കാൻ ആർ. കെ. എം. എസ് തീരുമാനിച്ചതായി നേതാക്കൾ അറിയിച്ചു. 2026 ലെ ഇ എസ് എ കരട് വിജ്ഞാപനം റദ്ദാക്കുക, ഇ. എസ്. എ വനത്തിനുള്ളിൽ നിജപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മറ്റു സംഘടനകളുമായി സഹകരിച്ചുകൊണ്ട് നടത്തുന്നപ്രക്ഷോഭ പരിപാടികക്ക് 2026 ഓഗസ്റ്റ് 18 ന് കണ്ണൂരിൽ തുടക്കം കുറിക്കും. 2026 ഓഗസ്റ്റ് മാസം പതിനെട്ടാം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം അഞ്ചുമണി വരെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ് മുൻപിൽ നടത്തുന്ന ഏകദിന ഉപവാസത്തോടെയാണ് സംസ്ഥാന തല പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുക. വിജ്ഞാപനത്തിനെതിരെ ആക്ഷേപം ബോധിപ്പിക്കുന്നതിൻ്റെയും ഉത്ഘാടനം അന്നേദിവസം നടത്തും. രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും മറ്റ് ഇതര സംഘടനകളുടെയും സംയുക്ത യോഗമാണ് പ്രക്ഷോഭം ആരംഭിക്കാൻ തീരുമാനിച്ചത്. 2014 ല്‍ ആണ് ആദ്യ കരടു വിജ്ഞാപനവും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചത്. തുടര്‍ന്ന് യുപിഎ സര്‍ക്കാരിനെ പുറന്തള്ളി എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ടും കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍ തുടർച്ചയായി വിജ്ഞാപനങ്ങള്‍ മാറ്റമില്ലാതെ പുതുക്കിയിറക്കുകയാണ് ചെയ്തത്.
ജനവാസമേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതിലോല പ്രദേശത്തുനിന്ന് ഒഴിവാക്കിയെന്ന് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയനേതൃത്വങ്ങളും ആവര്‍ത്തിച്ചുപറയുന്നത് പച്ചക്കള്ളമാണെന്ന് പുതിയ കരടുവിജ്ഞാപനത്തില്‍നിന്ന് വ്യക്തമാണ്. വനവും കൃഷിഭൂമിയും ജനവാസമേഖലകളും ഉള്‍പ്പെടെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്രകിലോമീറ്റർ പരിസ്ഥിതിലോലമായി നിലനില്‍ക്കുമ്പോള്‍ ജനങ്ങൾ ഭീതിയിലാണ് ജനങ്ങളുടെ ഭീതിയകറ്റാൻ നടപടി സ്വീകരിക്കണം നേതാക്കൾ ആവശ്യപ്പെട്ടു

0 Comments