ഒന്നരമാസത്തെ പോരാട്ടം വിജയം കണ്ടു; നിപാ ബാധിതനായ ഫറോക്ക് സ്വദേശി ഉടൻ ആശുപത്രി വിടും

കോഴിക്കോട്: നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഫറോക്ക് സ്വദേശിയായ 43-കാരൻ പൂർണ്ണ ആരോഗ്യവാനായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ഒന്നരമാസത്തോളം നീണ്ട തീവ്രപരിചരണത്തിന് ശേഷം ഇയാൾ അടുത്ത ദിവസങ്ങളിൽ തന്നെ ആശുപത്രി വിടുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ജൂൺ 11-നാണ് അതീവ ഗുരുതരാവസ്ഥയിലായ ഇയാളെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.

കോഴിക്കോട് മെഡിക്കൽ കോളേജിലും പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലും നടത്തിയ പരിശോധനകളിൽ ജൂൺ 11-നാണ് ഇയാൾക്ക് നിപാ സ്ഥിരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ച ഉടൻ തന്നെ ജില്ലാ തലത്തിൽ കൺട്രോൾ റൂം തുറക്കുകയും രോഗി സന്ദർശിച്ച സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രതിരോധം ശക്തമാക്കുകയും ചെയ്തു. 104 പേർ ഉൾപ്പെട്ട സമ്പർക്കപ്പട്ടിക തയ്യാറാക്കി എല്ലാവരെയും വിജയകരമായി നിരീക്ഷണ കാലയളവ് പൂർത്തിയാക്കിച്ചു. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ മന്ത്രിമാരും ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാ ഭരണകൂടവും ദിവസേന അവലോകന യോഗങ്ങൾ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

Post a Comment

0 Comments