ന്യൂഡൽഹി: ഡൽഹിയിലെ വിദ്യാർഥി സമരത്തിന് നേരെയുണ്ടായ പൊലീസ് നടപടിയെച്ചൊല്ലി പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ലോക്സഭയിലെത്തിയേക്കും. ദിവസങ്ങളായി സഭയിൽ എത്താതിരുന്ന ആഭ്യന്തരമന്ത്രിയുടെ അസാന്നിധ്യത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹം ഇന്ന് സഭയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്.
ഇന്ന് ലോക്സഭയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള നാല് ബില്ലുകളിൽ രണ്ടെണ്ണമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് 'കേരള' എന്ന പേര് മാറ്റി 'കേരളം' എന്നാക്കുന്നതിനുള്ള ബില്ലാണ്. ഇതിന് പുറമെ ദേശീയ കോ-ഓപ്പറേറ്റീവ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (ഭേദഗതി) ബില്ലും അദ്ദേഹം അവതരിപ്പിക്കും. അതേസമയം, വലിയ വിവാദങ്ങൾക്ക് വഴിവെച്ച എഫ്സിആർഎ ബിൽ ഇന്നത്തെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.
സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും ഔദ്യോഗിക രേഖകളിലും 'കേരളം' എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ നേരത്തെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. 2023ലും പിന്നീട് ചില സാങ്കേതിക തിരുത്തലുകളോടെ 2024ലും നിയമസഭ ഈ പ്രമേയം അംഗീകരിച്ച് കേന്ദ്രത്തിന് അയച്ചു. മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനം രൂപീകരിക്കപ്പെട്ടത് നവംബർ ഒന്നിനാണെന്നും, അതിനാൽ തനത് പേരായ 'കേരളം' എന്ന് തന്നെ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം. 2026 ഫെബ്രുവരിയിൽ കേന്ദ്ര മന്ത്രിസഭ ഈ നിർദേശത്തിന് അംഗീകാരം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഭരണഘടനാ ഭേദഗതിക്കായുള്ള ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കുന്നത്.
ഡൽഹിയിലെ ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ അതിക്രമങ്ങളിൽ ആഭ്യന്തരമന്ത്രി സഭയിൽ നേരിട്ട് വിശദീകരണം നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ സർക്കാർ മറുപടി പറയാത്തതിനെതിരെ കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്ന നിലപാടിലേക്ക് കടന്നിരുന്നു. ഇന്ന് ആഭ്യന്തരമന്ത്രി സഭയിൽ എത്തുമ്പോൾ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ അദ്ദേഹം എന്ത് വിശദീകരണം നൽകും എന്നതും പ്രതിപക്ഷം എന്ത് നിലപാട് സ്വീകരിക്കും എന്നതും നിർണായകമാണ്.

0 Comments