തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിലും കൊല്ലം നീണ്ടകരയിലുമായി മത്സ്യബന്ധനത്തിനിടെ കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും ഊർജിതമായി തുടരും. അപകടത്തിൽപ്പെട്ട് കടലിൽ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിലാണ് ഇപ്പോൾ പതിനൊന്നാം ദിവസത്തിലേക്ക് കടന്നിരിക്കുന്നത്.
തിരുവനന്തപുരം മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനിടെ കാണാതായ ഷിജിനായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്. നാവികസേനയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രധാനമായും തിരച്ചിൽ പുരോഗമിക്കുന്നത്. കൂടാതെ, വിഴിഞ്ഞത്ത് നിന്ന് കാണാതായ ജോൺ മാത്യാസിനായുള്ള തിരച്ചിൽ കോസ്റ്റ് ഗാർഡിന്റെയും കോസ്റ്റൽ പൊലീസിന്റെയും സംയുക്ത നേതൃത്വത്തിലും നടക്കുന്നുണ്ട്. ഇരുവർക്കുമായുള്ള തിരച്ചിൽ ഇന്ന് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കും.
തമിഴ്നാട് തീരം കേന്ദ്രീകരിച്ച് കൂടുതൽ തിരച്ചിൽ നടത്തുന്നതിനായി തമിഴ്നാട് സർക്കാരിന്റെ സഹായം തേടുമെന്ന് തിരുവനന്തപുരം ജില്ലാ കലക്ടർ അനു കുമാരി അറിയിച്ചിട്ടുണ്ട്. ഇതുവരെയുള്ള തിരച്ചിൽ പുരോഗതി വിലയിരുത്തുന്നതിനും തുടർനടപടികൾ ചർച്ച ചെയ്യുന്നതിനുമായി ഫിഷറീസ് വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂർ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേർത്തിട്ടുണ്ട്.
കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി ഗൗതം കൃഷ്ണനായുള്ള തിരച്ചിലും സജീവമായി നടക്കുകയാണ്. ഇന്ന് രാവിലെ ഏഴ് മണിക്ക് തന്നെ ഫിഷറീസ് വകുപ്പിന്റെ യാനങ്ങളിൽ തിരച്ചിൽ പുനരാരംഭിച്ചു. ഇതിന് പുറമെ നാവികസേനയുടെ സേവനവും ഗൗതമിനായുള്ള തിരച്ചിലിനായി ലഭ്യമാക്കിയിട്ടുണ്ട്.

0 Comments