പത്തനംതിട്ട: ശബരിമലയിൽ കടകൾ നടത്തുന്നതിനുള്ള അവകാശത്തിനായി നിശ്ചയിച്ചിരുന്ന ഇ-ലേലവും ടെൻഡർ നടപടികളും വിവരങ്ങൾ ചോർന്നതിനെ തുടർന്ന് പൂർണമായും റദ്ദാക്കി. സെപ്തംബർ 29ന് നടത്താൻ നിശ്ചയിച്ചിരുന്ന 110 കടകൾക്കായുള്ള ഇ-ലേലമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് റദ്ദാക്കിയത്.
ടെൻഡറിൽ പങ്കെടുത്ത ആളുകളുടെയും സ്ഥാപനങ്ങളുടെയും പേരുവിവരങ്ങളും തുക അടക്കമുള്ള വിവരങ്ങളും പുറത്തായതിനെ തുടർന്നാണ് നടപടി. ലേല രേഖകളുടെ രഹസ്യ സ്വഭാവം പൂർണമായും നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ഇ-ലേലം റദ്ദാക്കാനും പകരം റീ-ടെൻഡർ നടത്താനും ദേവസ്വം ബോർഡ് തീരുമാനിച്ചത്.
സംഭവത്തിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ദേവസ്വം വിജിലൻസ് ആൻഡ് ചീഫ് സെക്യൂരിറ്റി ഓഫീസറോട് സമഗ്രമായ അന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. രഹസ്യ വിവരങ്ങൾ ചോർത്തിയതിൽ പങ്കാളികളായ കുറ്റക്കാർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അറിയിച്ചു.
0 Comments