ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെയുണ്ടായ ഗുരുതര ആരോപണങ്ങൾക്കും ഭിന്നാഭിപ്രായങ്ങൾക്കും പിന്നാലെ ഡൽഹിയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് അടിയന്തര യോഗം ചേർന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് കമ്മീഷണർമാരും പങ്കെടുത്ത യോഗത്തിൽ എസ്ഐആറുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളും തർക്കങ്ങളും വിശദമായി ചർച്ച ചെയ്തെന്നാണ് വിവരം.
പ്രധാന തീരുമാനങ്ങളുടെ ഭാഗമായി എസ്ഐആർ നോട്ടീസ് ലഭിച്ചവർ ഹിയറിങ്ങിനായി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ രേഖകൾ ശേഖരിക്കുന്നതിനായി ബിഎൽഒമാർ നേരിട്ട് വീടുകളിലെത്തും. ഡൽഹിയിലും മഹാരാഷ്ട്രയിലും വോട്ടർപട്ടിക പുതുക്കാനുള്ള സമയപരിധി നീട്ടി നൽകി. ഇതിൽ ഡൽഹിയിൽ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാൻ ഒക്ടോബർ 30 വരെ സമയവും അനുവദിച്ചു.
നിലവിൽ 20 സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇതിൽ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെ വീണ്ടും ഉൾപ്പെടുത്തുന്നതിനായി പ്രത്യേക ഡ്രൈവ് ആരംഭിക്കും. ഗോവയിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവരെ തിരികെ ചേർക്കുന്നതിനും ഉടൻ നടപടിയുണ്ടാകും. അതേസമയം, എസ്ഐആറിനോടൊപ്പം സമർപ്പിക്കേണ്ട ഫോം 6-ൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
ഇസിഐ നെറ്റിലെ (ECI Net) സാങ്കേതിക പ്രശ്നങ്ങളും വെബ്സൈറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളും പരിശോധിക്കുന്നതിനായി ഐഐടി ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക വിദഗ്ധ സമിതി രൂപീകരിച്ചതായും കമ്മീഷൻ അറിയിച്ചു. ഇതിനൊപ്പം, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിദേശയാത്രകൾ നടത്തുന്നതിന് കമ്മീഷന്റെ മുൻകൂർ അനുമതി നിർബന്ധമാക്കാനും തീരുമാനമായിട്ടുണ്ട്.
0 Comments