ഗ്യാനേഷ് കുമാറിനെതിരെ ഇടത് പാർട്ടികളുടെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്; ഒക്ടോബർ 2 വരെ സമരം

 



ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇടത് പാർട്ടികൾ പ്രഖ്യാപിച്ച രാജ്യവ്യാപക പ്രതിഷേധത്തിന് ഇന്ന് തുടക്കമാകും. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെയാണ് വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുക. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കുക, വോട്ടർപട്ടികയിൽനിന്ന് അന്യായമായി ഒഴിവാക്കപ്പെട്ടവരുടെ വോട്ടവകാശം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളും ഇടത് പാർട്ടികൾ മുന്നോട്ടുവച്ചിട്ടുണ്ട്.

സിപിഎം, സിപിഐ, സിപിഐ(എംഎൽ)-ലിബറേഷൻ, ആർഎസ്പി, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് എന്നീ അഞ്ച് ഇടത് പാർട്ടികളാണ് സംയുക്തമായി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രവും ജനാധിപത്യപരവുമായ പ്രവർത്തനം പുനഃസ്ഥാപിക്കണമെന്നും പാർട്ടികൾ ആവശ്യപ്പെടുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട് രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണർമാർ പല ഘട്ടങ്ങളിലും എതിർപ്പ് രേഖപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഇടത് പാർട്ടികളുടെ വിമർശനം. അതേസമയം, കമ്മീഷനിലെ ആഭ്യന്തര അഭിപ്രായ വ്യത്യാസങ്ങൾ സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും എസ്ഐആറുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്.

പ്രതിഷേധത്തിൽ വിശാല പ്രതിപക്ഷ ഐക്യം വേണമെന്നും ഇടത് പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി രാജ്യത്തെ ബിജെപി ഇതര ജനാധിപത്യ പ്രതിപക്ഷ പാർട്ടികളും സിവിൽ സൊസൈറ്റി സംഘടനകളും പ്രതിഷേധത്തിൽ അണിനിരക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments