കൊച്ചി: കൊടകര കുഴല്‍പ്പണക്കേസിൽ ക്രൈംബ്രാഞ്ച് കേസ് നടപടികള്‍ ഇരിങ്ങാലക്കുട കോടതിയിൽനിന്ന് കലൂർ പിഎംഎൽഎ കോടതിയിലേക്ക് മാറ്റി. ഇഡിയുടെ അപേക്ഷ പരിഗണിച്ചാണ് മാറ്റിയത്. കോടതി മാറ്റത്തെ എതിർത്ത് സംസ്ഥാന സർക്കാർ നേരത്തെ എതിർ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു.
കേസിന്റെ നടപടികൾ പിഎംഎൽഎ കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നിരന്തരം അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ, ഐപിസി നിയമപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് ഇഡിയുടെ പിഎംഎൽഎ പരിധിയിൽ നേരിട്ട് വരില്ലെന്നും കേസ് മാറ്റുന്നത് അട്ടിമറിക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരും ക്രൈംബ്രാഞ്ചും ഇതിനെ ശക്തമായി എതിർത്തുപോന്നു. കഴിഞ്ഞ ഡിസംബറിലും സർക്കാർ ഇതിനെതിരെ എതിർസത്യവാങ്മൂലം സമർപ്പിച്ചിരുന്നെങ്കിലും ഇത് മറികടന്നാണ് വിചാരണ കലൂർ പിഎംഎൽഎ കോടതിയിലേക്ക് മാറ്റിയത്. ഇഡിക്കായി പ്രോസിക്യൂട്ടർ അഡ്വ. എം.ജെ സന്തോഷ് ഹാജരായി.
2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പ് കാലത്താണ് വിവാദപരമായ കോടകര കുഴൽപ്പണ കേസ് ഉണ്ടാകുന്നത്. വാഹനാപകടം സൃഷ്ടിച്ച് 25 ലക്ഷം രൂപ കവർന്നു എന്ന രീതിയിലാണ് പരാതി ഉയർന്നതെങ്കിലും, അന്വേഷണത്തിൽ 3.56 കോടി രൂപയുടെ കുഴൽപ്പണ ഇടപാടാണ് നടന്നതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കെ. സുരേന്ദ്രൻ അടക്കമുള്ള പ്രമുഖ നേതാക്കളുടെ പേരുകൾ കേസുമായി ബന്ധപ്പെട്ട് ഉയർന്നു വന്നിരുന്നു.

0 Comments