തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയ ധനസഹായ വിതരണം താലൂക്ക് തലത്തിലാക്കി സർക്കാർ. ജില്ലാ കളക്ടറേറ്റുകൾ മുഖേന ധനസഹായം വിതരണം ചെയ്യുന്നത് കാലതാമസമുണ്ടാക്കുന്നുവെന്നും ഇത് ഒഴിവാക്കാനാണ് നടപടിയെന്നും ദുരന്ത നിവാരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി. ധനസഹായ വിതരണത്തിന്റെ പൂർണ ചുമതല തഹസിൽദാർമാർക്ക് നൽകി. സർക്കാർ ഫണ്ട് കളക്ടർമാർക്ക് കൈമാറിയ ശേഷം തഹസിൽദാർമാർ വഴി ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നൽകാനാണ് തീരുമാനം
ഈ വർഷത്തെ കാലവർഷക്കെടുതിയിൽ നാശനഷ്ടം നേരിട്ടവർക്ക് അടിയന്തര ദുരിതാശ്വാസ ധനസഹായം അനുവദിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രളയജലം കയറി ദുരിതം ബാധിച്ച കുടുംബങ്ങൾക്ക് പ്രതിദിനം 300 രൂപ നിരക്കിൽ ഏഴ് ദിവസത്തേക്കുള്ള ധനസഹായവും വീടുകൾ വൃത്തിയാക്കുന്നതിനും വാണിജ്യ/വ്യവസായ സ്ഥാപനങ്ങൾക്കും ഹോംസ്റ്റേകൾക്കും 10,000 രൂപ വീതമുള്ള അടിയന്തര ധനസഹായവുമാണ് അനുവദിച്ചിരുന്നത്.
ധനസഹായത്തിനായി വലിയ തോതിൽ അപേക്ഷകൾ ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർമാർ മുഖേന വിതരണം ചെയ്യുന്നതിൽ കാലതാമസം നേരിടുന്നതായി ലാൻഡ് റവന്യൂ കമ്മീഷണർ അറിയിച്ചിരുന്നു. ഇതോടെ ആണ് 2018-19ലെ പ്രളയകാലത്ത് സ്വീകരിച്ചിരുന്ന രീതിയിൽ, ധനസഹായ വിതരണം താലൂക്ക് തലത്തിൽ വികേന്ദ്രീകരിക്കാൻ ദുരന്ത നിവാരണ വകുപ്പ് തീരുമാനിച്ചത്. ജില്ലാ കളക്ടർമാർക്ക് ഫണ്ട് അനുവദിച്ച ശേഷം, തഹസിൽദാർമാർ മുഖേന ധനസഹായങ്ങൾ വിതരണം ചെയ്യുന്നതിന് അനുമതി നൽകിയതായി ദുരന്ത നിവാരണ വകുപ്പ് ഉത്തരവിൽ അറിയിച്ചു. ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ മാറ്റങ്ങൾ സി-ഡിറ്റ് അടിയന്തരമായി വരുത്താനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്

0 Comments