ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രക്രിയയിൽ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ടെന്ന് വിശ്വസിക്കുന്നുവെങ്കിൽ പ്രതിപക്ഷ പാർട്ടികൾ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് അവസാനിപ്പിക്കണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. ഇത്തരം തെരഞ്ഞെടുപ്പുകളിൽ തുടർന്നും പങ്കെടുക്കുന്നത് വഴി വോട്ടെടുപ്പിന് നിയമസാധുത നൽകുകയും തെരഞ്ഞെടുപ്പ് നീതിയുക്തവും സുതാര്യവുമാണെന്ന തോന്നൽ നിലനിർത്താൻ സഹായിക്കുകയുമാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്സിലൂടെയാണ് ദീപ്കെ ഇക്കാര്യം വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിൽ അട്ടിമറി നടക്കുന്നുവെന്ന് ഒരേസമയം ആരോപിക്കുകയും അതേസമയം തന്നെ അതിൽ മത്സരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് പ്രതിപക്ഷത്തിന് തുടരാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. 'അതെ, തെരഞ്ഞെടുപ്പുകളിൽ കൃത്രിമം നടക്കുന്നുണ്ട്. എന്നാൽ കൃത്രിമം നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ നിങ്ങൾ മത്സരിക്കുന്നത് തുടരുമ്പോൾ, അവയ്ക്ക് നിങ്ങൾ നിയമസാധുത നൽകുകയും സ്വതന്ത്രവും നീതിയുക്തവുമാണെന്ന മിഥ്യാധാരണ നിലനിർത്താൻ സഹായിക്കുകയുമാണ് ചെയ്യുന്നത്''- ദിപ്കെ കുറിച്ചു
തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നാൽ തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം തന്നെ ഇല്ലാതാകുമെന്ന് ഭയന്നാണോ പ്രതിപക്ഷ പാർട്ടികൾ മത്സരരംഗത്ത് തുടരുന്നതെന്ന് ദീപ്‌കെ ചോദിച്ചു. വോട്ടുകൾ മോഷ്ടിക്കപ്പെടുകയും ജനപ്രതിനിധികളെ കൂറുമാറ്റുകയും പാർട്ടികളെ പിളർത്തുകയും ചെയ്യുമ്പോൾ ഏത് നിലനിൽപ്പാണ് സംരക്ഷിക്കാൻ ശ്രമിക്കുന്നത്? ഇത് രാഷ്ട്രീയ അതിജീവനമല്ലെന്നും, എപ്പോൾ വേണമെങ്കിലും പാർട്ടികളെ തകർക്കാൻ സാധിക്കുന്ന ഒരു സംവിധാനത്തിൽ വെറുതെ ശ്വാസമെടുത്ത് ജീവിക്കാൻ ശ്രമിക്കുക മാത്രമാണ് പ്രതിപക്ഷം ചെയ്യുന്നതെന്നും അദ്ദേഹം വിമർശിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിയെന്ന വിഷയത്തിൽ പ്രതിപക്ഷം ഇരട്ടത്താപ്പും പക്ഷപാതവുമാണ് കാണിക്കുന്നതെന്നും അഭിജീത് ദിപ്കെ ആരോപിച്ചു.
തങ്ങൾക്ക് താത്പര്യമുള്ള ചില സംസ്ഥാനങ്ങളിൽ പ്രശ്‌നമുണ്ടാകുമ്പോൾ മാത്രം പ്രതികരിക്കുകയും മറ്റ് സംസ്ഥാനങ്ങളിൽ നിശബ്ദത പാലിക്കുകയും ചെയ്യുന്നത് ശരിയല്ല. തെരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നുണ്ടെങ്കിൽ, സംസ്ഥാനമോ രാഷ്ട്രീയ പാർട്ടിയോ നോക്കാതെ അതിനെതിരെ ഉറച്ച നിലപാടെടുക്കാൻ പ്രതിപക്ഷത്തിന് സാധിക്കണം. ഒത്തുകളി ക്രിക്കറ്റ് മത്സരത്തോട് തെരഞ്ഞെടുപ്പിനെ ഉപമിച്ചാണ് ദിപ്കെ പ്രതിപക്ഷത്തെ വിമർശിച്ചത്. ഒത്തുകളി മത്സരങ്ങളിൽ പോലും എല്ലാ ക്യാച്ചുകളും വിട്ടുകളയില്ലെന്നും പോരാട്ടം ഇഞ്ചോടിഞ്ചാണെന്ന് തോന്നിപ്പിക്കാൻ മത്സരം അവസാന ഓവർ വരെ കൊണ്ടുപോകാറുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാനമായ രീതിയിൽ, ശക്തമായ മത്സരം നടക്കുന്നുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും മത്സരരംഗത്ത് നിർത്താനും വേണ്ടി പ്രതിപക്ഷത്തിന് ചില വിജയങ്ങൾ താലത്തിൽ വെച്ചുനൽകാറുണ്ട്. മത്സരരംഗത്ത് നിലനിർത്താനും ഈ സംവിധാനത്തിന് വിശ്വാസ്യതയുണ്ടെന്ന് തോന്നിപ്പിക്കാനും നൽകുന്ന അപ്പക്കഷണങ്ങൾ മാത്രമാണ് ഈ ഏതാനും വിജയങ്ങൾ. സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനേക്കാൾ രാജ്യത്തെയും ജനാധിപത്യത്തെയും കുറിച്ച് ചിന്തിച്ച് കൃത്രിമം നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നത് അവസാനിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയ്യാറാകണമെന്ന് ദിപ്കെ ആവശ്യപ്പെട്ടു

0 Comments