കേജ്‌രിവാളും കുടുംബവും വോട്ടർ പട്ടികയിൽ ഇല്ല!; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

 



ഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) കൺവീനറുമായ അരവിന്ദ് കേജ്‌രിവാളിന്റെയും കുടുംബാംഗങ്ങളുടെയും പേരുകൾ ഡൽഹിയിലെ കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്ന് ആരോപണം. തെരഞ്ഞെടുപ്പ് കമ്മീഷൻ അയച്ച നോട്ടീസിനെ അടിസ്ഥാനമാക്കിയാണ് എഎപി രംഗത്ത് വന്നിരിക്കുന്നത്. എന്നാൽ, നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സവിശേഷ തീവ്ര വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ഭാഗമായി നോട്ടീസ് നൽകിയതാണെന്നും നവംബർ 4ന് പ്രസിദ്ധീകരിക്കുന്ന അന്തിമ വോട്ടർ പട്ടികയിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

കേജ്‌രിവാൾ, ഭാര്യ സുനിത കേജ്‌രിവാൾ, മാതാപിതാക്കളായ ഗോബിന്ദ് റാം കേജ്‌രിവാൾ, ഗീതാ ദേവി, മകൻ പുൽകിത് എന്നിവരുടെ പേരുകൾ ഡൽഹി മണ്ഡലത്തിലെ കരട് വോട്ടർ പട്ടികയിൽ ഇല്ലെന്നും ഇവർക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും എഎപി വ്യക്തമാക്കി. മൂന്ന് തവണ ഡൽഹി മുഖ്യമന്ത്രിയായ അരവിന്ദ് കേജ്‌രിവാളിന്റെയും കുടുംബത്തിന്റെയും പേരുകൾ വോട്ടർ പട്ടികയിൽ നിന്ന് എങ്ങനെ അപ്രത്യക്ഷമായി എന്ന് എഎപി ഔദ്യോഗിക 'എക്സ്' പേജിലൂടെ ചോദിച്ചു. കഴിഞ്ഞ വർഷത്തെ ഡൽഹി തെരഞ്ഞെടുപ്പിൽ കേജ്‌രിവാളും കുടുംബവും വോട്ട് രേഖപ്പെടുത്തിയിരുന്നു.

ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും സമാനമായ രീതിയിൽ നോട്ടീസ് ലഭിച്ചിരുന്നു. മാതാപിതാക്കളുമായുള്ള വയസിന്റെ വ്യത്യാസത്തിലെ പിഴവ് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. എന്നാൽ ഷാലിമാർ ബാഗ് മണ്ഡലത്തിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയെന്നും ഇവരുടെ പേര് അന്തിമ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

Post a Comment

0 Comments