'പ്രവേശനം വിശ്വാസികൾക്ക് മാത്രം'; ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണം ഭയന്ന് ബോർഡുകൾ സ്ഥാപിച്ച് ക്രിസ്ത്യൻ പള്ളികൾ




റായ്പൂർ: ഛത്തീസ്ഗഢിൽ ഹിന്ദുത്വ പ്രവർത്തകരുടെ ആക്രമണങ്ങൾ ഭയന്ന് സ്വയംപ്രതിരോധവുമായി ക്രിസ്ത്യൻ പള്ളികൾ. പള്ളിയിലെ പ്രവേശനം ക്രിസ്ത്യാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്ന് ബോർഡുകൾ സ്ഥാപിച്ചു. ധംതാരിയിലുള്ള സുന്ദർഗഞ്ച് മെന്നോണൈറ്റ് പള്ളിയിലാണ് ബോർഡ് വെച്ചത്. നിർബന്ധിത മതപരിവർത്തനമെന്ന പേരിൽ കേസുകളോ ആക്രമണങ്ങളോ ഉണ്ടാകാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനും വേണ്ടിയാണ് മുൻകരുതലായി ബോർഡുകൾ സ്ഥാപിച്ചതെന്നാണ് പള്ളിയുടെ വിശദീകരണം.

'പള്ളിയിലേക്കുള്ള പ്രവേശനം ക്രിസ്ത്യാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അന്യമതസ്ഥർ പ്രവേശിക്കുന്നത് അവരുടെ സ്വന്തം ഉത്തരവാദിത്തത്തിലായിരിക്കും.' ബോർഡിലെ മുന്നറിയിപ്പ് ഇങ്ങനെ. ബജ്റംഗ്ദൾ ഉൾപ്പെടെയുള്ള സംഘടനകൾ മതപരിവർത്തനം ആരോപിച്ച് പള്ളികളിൽ അതിക്രമിച്ച് കയറുകയും പ്രാർത്ഥനകൾ തടസ്സപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ വ്യാപകമായ സാഹചര്യത്തിലാണ് ഈ പ്രതിരോധനടപടി.

സ്വമേധയാ വരുന്ന അന്യമതസ്ഥർക്ക് സ്വന്തം ഇഷ്ടപ്രകാരമാണ് പ്രവേശിക്കുന്നതെന്ന് തെളിയിക്കാൻ ഫോമുകൾ പൂരിപ്പിച്ച് വാങ്ങാറുണ്ട്. ആക്രമണങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം പള്ളി അധികൃതരുടെ മേൽ ചുമത്താതിരിക്കാനാണ് ഈ മുൻകരുതൽ.

Post a Comment

0 Comments