അൻസിബയുടെ പരാതി; നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുത്തു

 




കൊച്ചി: നടി ലക്ഷ്മി പ്രിയക്കെതിരെ നടി അൻസിബ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് പൊലീസ് നടപടി.

യൂട്യൂബ് ചാനലുകളിലൂടെയും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലൂടെയും ലക്ഷ്മി പ്രിയ തനിക്കെതിരെ അപകീർത്തികരവും മോശവുമായ പരാമർശങ്ങൾ നടത്തിയെന്നാണ് അൻസിബയുടെ പരാതി. സമൂഹമാധ്യമങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും വ്യക്തിഹത്യ നടത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.

ലക്ഷ്മി പ്രിയയുടെ പരാമർശങ്ങൾ തന്റെ വ്യക്തിജീവിതത്തെയും കരിയറിനെയും പ്രതികൂലമായി ബാധിക്കുകയും മാനഹാനിക്ക് കാരണമാവുകയും ചെയ്തതായി അൻസിബ പരാതിയിൽ വ്യക്തമാക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ ഭാരതീയ ന്യായ സംഹിതയിലെയും ഐ.ടി. ആക്ടിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Post a Comment

0 Comments