തിരുവനന്തപുരം: മുൻ എൽഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ആരോഗ്യമന്ത്രി കെ.മുരളീധരൻ. പത്ത് വർഷം ആരോഗ്യവകുപ്പിനെ പിന്നോട്ടടിച്ച സർക്കാരായിരുന്നു എൽഡിഎഫിന്റേതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചു. ‘ആടിനെ പട്ടിയാക്കുന്ന’ പ്രവണത പിണറായി വിജയൻ തുടരുകയാണെന്നും മന്ത്രി വിമർശിച്ചു.
45 കോടി രൂപ ചെലവഴിച്ച് ആവശ്യമില്ലാത്ത ഉപകരണങ്ങളും മരുന്നുകളും പിപിഇ കിറ്റുകളും വാങ്ങിയെന്നും ഇവയിൽ ഉപയോഗശൂന്യമായവ നശിപ്പിക്കാൻ 40 ലക്ഷം രൂപ ചെലവഴിക്കേണ്ടിവന്നെന്നും മന്ത്രി ആരോപിച്ചു. ഇതിന്റെ പേരിൽ കമ്മീഷൻ വാങ്ങിയത് ആരാണെന്ന് വ്യക്തമാക്കണമെന്നും മന്ത്രി ചോദിച്ചു.
ഇഷ്ടപ്പെട്ടവർക്ക് കരാറുകൾ നൽകി വിവിധയിടങ്ങളിൽ കെട്ടിട നിർമാണം ആരംഭിക്കുകയും കമ്മീഷൻ ലഭിച്ചതിന് പിന്നാലെ നിർമാണം ഉപേക്ഷിക്കുകയും ചെയ്തുവെന്നും മന്ത്രി ആരോപിച്ചു. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ സഞ്ചരിച്ചാൽ പ്രതിപക്ഷ നേതാവിന്റെ ‘സ്മാരകങ്ങൾ’ കാണാമെന്നായിരുന്നു മറ്റൊരു പരിഹാസം.
ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ആശുപത്രി കെട്ടിടങ്ങളുടെ ചോർച്ച പരിഹരിക്കാൻ റൂഫിങ്ങിനായി എംഎൽഎമാരുടെ ഫണ്ട് ഉപയോഗിക്കേണ്ട അവസ്ഥയാണെന്നും മന്ത്രി പറഞ്ഞു. പർച്ചേസിന്റെയും നിർമാണത്തിന്റെയും പേരിൽ ചെലവഴിച്ച കോടികൾ എങ്ങോട്ട് ഒഴുകിയെന്ന് അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിലുണ്ടായിരുന്നതിനേക്കാൾ കൂടുതൽ മരുന്നുകൾ നിലവിൽ കെഎംഎസ്സിഎല്ലിലും കാരുണ്യയിലും ലഭ്യമാണെന്നും മന്ത്രി അവകാശപ്പെട്ടു. മുൻകാലങ്ങളിൽ മെഡിക്കൽ സർവീസസ് കോർപറേഷൻ വഴി വാങ്ങിയ മരുന്നുകൾക്ക് നിലവാരമില്ലെന്ന് ഡ്രഗ്സ് കൺട്രോൾ വകുപ്പ് കണ്ടെത്തിയിരുന്നുവെന്ന കാര്യവും പ്രതിപക്ഷ നേതാവിന് അറിയാമോയെന്ന് മന്ത്രി ചോദിച്ചു.
‘പാർട്ടി ബന്ധുക്കളായ മരുന്ന് കമ്പനിക്കാരും ഏജന്റുമാരും വഴിയാധാരമാകും’ എന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. വിഷയത്തിൽ ജനങ്ങൾ വിലയിരുത്തട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

0 Comments