'നാൻ എക്സല, ലാക്ടോജൻ പ്രോ ഉൽപന്നങ്ങൾ സുരക്ഷിതം'; വിശദീകരണവുമായി നെസ്‌ലെ ഇന്ത്യ



ഡൽഹി: നെസ്‍ലെ ഇന്ത്യയുടെ ശിശുക്കൾക്കായുള്ള രണ്ട് ഉൽപന്നങ്ങളിൽ ഗുണനിലവാരം കുറഞ്ഞെന്ന് ചൂണ്ടിക്കാട്ടി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) കമ്പനിക്കെതിരെ ആരംഭിച്ച നിയമനടപടിക്ക് മറുപടിയായി കമ്പനി. നെസ്‍ലെയുടെ ബേബി ഫുഡുകൾ ബാധകമായ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പൂർണമായും പാലിക്കുന്നുണ്ടെന്ന് നെസ്‌ലെ ഇന്ത്യ വ്യക്തമാക്കി.

"ഞങ്ങളുടെ ഉൽപന്നങ്ങൾ ബാധകമായ എല്ലാ നിയമങ്ങൾക്കും ചട്ടങ്ങൾക്കും പൂർണമായും വിധേയമായിട്ടാണ് പ്രവർത്തിക്കുന്നത്. പ്രസ്തുത ഉൽപന്നങ്ങളും (NAN EXCELLA PRO & LACTOGEN PRO) അവയുടെ ലേബലുകളും എഫ്എസ്എസ്എഐയുടെ വിദഗ്ധ സമിതി അംഗീകരിച്ചിട്ടുള്ളതാണ്. നോട്ടീസിന് മറുപടിയായി, ലേബലിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വസ്തുതാപരവും ശാസ്ത്രീയ പഠനങ്ങളുടെ പിൻബലമുള്ളതുമാണെന്ന് കാണിച്ച് വീണ്ടും അധികൃതർക്ക് വിശദമായ മറുപടി സമർപ്പിച്ചിട്ടുണ്ട്.

നിലവിലുള്ള എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും ലേബൽ പ്രഖ്യാപനങ്ങളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു. ഉപഭോക്തൃ ബോധവൽക്കരണത്തിനായുള്ള എഫ്എസ്എസ്എഐയുടെ ശ്രമങ്ങൾക്ക് ഞങ്ങളുടെ പൂർണ പിന്തുണയും സഹകരണവും തുടർന്നും ഉണ്ടാകും." നെസ്‍ലെ ഇന്ത്യ പുറത്തിറക്കിയ കുറിപ്പിൽ വിശദീകരിക്കുന്നു.

കുഞ്ഞുങ്ങൾക്കായുള്ള പോഷകാഹാര ഉൽപന്നങ്ങളിലെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നെസ്‌ലെ ഇന്ത്യയ്‌ക്കെതിരെ എഫ്എസ്എസ്എഐ നിയമനടപടി സ്വീകരിച്ചതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. 'നാൻ എക്സല പ്രോ സ്റ്റേജ് 1', 'ലാക്ടോജൻ പ്രോ 1' എന്നീ രണ്ട് ഉൽപന്നങ്ങളും, ഇ-കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ ഇവ വിൽക്കുന്നതിനായി നൽകിയിട്ടുള്ള പ്രൊമോഷണൽ പരസ്യങ്ങളും പരിശോധിച്ച ശേഷമാണ് എഫ്എസ്എസ്എഐ നടപടിയെടുത്തത്. ലാക്ടജന്‍ പ്രൊ 1ല്‍ 'പെട്ടെന്ന് ദഹിക്കും' എന്ന അവകാശവാദവുമുണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ നെസ്‌ലെ ഇന്ത്യയോട് ആവശ്യപ്പെട്ടതായി എഫ്എസ്എസ്എഐ പറഞ്ഞു. കുഞ്ഞുങ്ങളുടെ ഭക്ഷണ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നിയന്ത്രിക്കുന്ന 2020ലെയും 1992ലെയും നിയമങ്ങള്‍ ഈ ഉല്‍പന്നങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയിരുന്നു.

ഇക്കാര്യത്തിൽ നെസ്‌ലെ ഇന്ത്യയോട് വിശദീകരണം തേടിയിരുന്നുവെങ്കിലും കമ്പനിയുടെ മറുപടി തൃപ്തികരമല്ലെന്നും ഉൽപന്നങ്ങൾ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് (ഫുഡ്സ് ഫോർ ഇൻഫന്റ് ന്യൂട്രീഷൻ) റഗുലേഷൻസ് 2020-ലെ റഗുലേഷൻ 4(2) ലംഘിച്ചുവെന്നും എഫ്എസ്എസ്എഐ ചൂണ്ടിക്കാട്ടുന്നു. ബേബി ഫുഡുകളുടെ വിൽപന വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പ്രൊമോഷണൽ വാഗ്ദാനങ്ങളോ പരസ്യങ്ങളോ പാടില്ലെന്നാണ് ഈ നിയമത്തിൽ പറയുന്നത്.

Post a Comment

0 Comments