ന്യൂഡല്ഹി: ജന്തര് മന്തറില് മിന്നല് പ്രതിഷേധം നടത്തിയതിന് അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്,
അശുതോഷ് റങ്ക എന്നിവര് ജുഡീഷ്യല് കസ്റ്റഡിയില് തുടരും. ഇരുവരുടെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ചെങ്കിലും ജാമ്യ ഹരജി ഇന്ന് പരിഗണിച്ചില്ല. കേസില് നാളെ ഉച്ചക്ക് രണ്ട് മണിക്ക് വാദം നടക്കും. കേസ് മറ്റൊരു സ്പെഷല് എക്സിക്യൂട്ടിവ് മജിസ്ട്രേറ്റ് പരിഗണിക്കും.
അതേസമയം, കേസില് നടപടി വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി സിജെപി രംഗത്തെത്തി. കേസ് പരിഗണിക്കുന്ന മജിസ്ട്രേറ്റിന് ഭീഷണിയുണ്ട്. ഇന്ന് ഉച്ചയോടെ പരിഗണിക്കുമെന്ന് അറിയിച്ച ജാമ്യ ഹരജി പരിഗണിച്ചില്ല. കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണെന്നും സിജെപി ചൂണ്ടിക്കാട്ടി.
ഒക്ടോബര് 13നാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും ഡല്ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും തിഹാര് ജയിലില് കഴിയുകയാണ്. പ്രതിഷേധിക്കാനുള്ള ഇടങ്ങളില് നിന്ന് ജന്തര് മന്തറിനെ ഒഴിവാക്കിയതിനെതിരെ സിജെപി നടത്തിയ മിന്നല് സമരത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്. വന് തടസ്സങ്ങള് തീര്ത്ത് കെട്ടിയടച്ച ജന്തര് മന്തറിലേക്ക് പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്ന് ഇവരുടെ നേതൃത്വത്തില് പ്രതിഷേധിക്കുകയായിരുന്നു.
പിറ്റേന്ന് കോടതിയില് ഹാജരാക്കിയ നേതാക്കളെ മന്ദിര് മാര്ഗിലെ സ്പെഷല് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി അഞ്ചു ദിവസത്തെ ജുഡീഷ്യല് കസ്റ്റഡിയില് വിട്ടിരുന്നു. തിഹാര് ജയിലിലേക്കാണ് ഇവരെ മാറ്റിയത്. ഇവരോടൊപ്പം അറസ്റ്റിലായ അജിങ്ക്യ ഷിന്ഡേക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.
അതിക്രമിച്ചുകടക്കല്, നിരോധനാജ്ഞ ലംഘിക്കല്, സമാധാന ബോണ്ട് ലംഘിക്കല്, ഔദ്യോഗിക കൃത്യനിര്വഹണം തടസ്സപ്പെടുത്തല് തുടങ്ങിയ കുറ്റങ്ങളാണ് ഇവര്ക്കെതിരെ ചുമത്തിയത്. നേരത്തെ, അഭിജീത് ദീപ്കെക്കൊപ്പം വിമാനത്തില് വെച്ച് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ഉപാധികളോടെ വിട്ടയക്കുകയായിരുന്നു.
0 Comments