ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമാകുന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കി ഡൽഹി പൊലീസ്.
പുതിയ ഭീഷണി സന്ദേശങ്ങൾ ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ കൂട്ടിയതെന്നാണ് അധികൃതരുടെ വിശദീകരണം. അദ്ദഹത്തിന്റെ വസതിക്ക് പുറത്തും തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലും വ്യക്തിഗത സുരക്ഷയ്ക്കായി കൂടുതൽ സൈനികരെ വിന്യസിച്ചതായാണ് റിപ്പോർട്ട്. രാജ്യതലസ്ഥാനത്ത് മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ എല്ലാ സുരക്ഷാ ഏജൻസികളോടും ചേർന്ന് പ്രവർത്തിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ഇദ്ദേഹത്തിന് സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുണ്ട്.
പത്തിൽ കൂടുതൽ എൻഎസ്ജി കമാൻഡോകളും പൊലീസുകാരും അടക്കം 55 സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടുന്നതാണ് സെഡ് കാറ്റഗറി സുരക്ഷ. കമാൻഡോകൾ സായുധ പരിശീലനവും ആയോധനകലകളിൽ വിദഗ്ധ പരിശീലനം നേടിയവരും ആയിരിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ധനകാര്യ മന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർ സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ളവരാണ്.
അതേസമയം, ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മൂന്നാം ദിനവും പ്രതിപക്ഷം തെരുവിൽ പ്രതിഷേധം നടത്തുകയാണ്. മൂന്ന് ബസുകളിലായി എംപിമാരുടെ ബസ് രാജ്ഘട്ടിലേക്ക് നീങ്ങുകയാണ്. പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനര്‍ജിയും രേവന്ത് റെഡ്ഡിയും ഇന്ന് സമരമുഖത്തുണ്ട്. പ്രായവും രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായാണ് വിദ്യാർഥി സംഘടനകളും രംഗത്തുണ്ട്.

0 Comments