ന്യൂഡൽഹി ∙ ഭാവിയിൽ സുപ്രീംകോടതി മുൻപാകെ എത്താൻ ഇടയുള്ള ബില്ലിനെക്കുറിച്ചു തങ്ങളുമായി ചർച്ച നടത്തുന്നത് ഉചിതമാകില്ലെന്നു ജഡ്ജിമാർ അഭിപ്രായപ്പെട്ടതായി വിവരം. പിന്നാലെയാണ് ‘ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ്’ വിഷയത്തിൽ ജഡ്ജിമാരെ കാണാനുള്ള നീക്കം പാർലമെന്റിന്റെ സംയുക്ത സമിതി (ജെപിസി) ഉപേക്ഷിച്ചത്.
അനാവശ്യ വിവാദത്തിലേക്കു വലിച്ചിഴച്ചതിൽ ജഡ്ജിമാർക്ക് അതൃപ്തിയുമുണ്ട്. ഇത്തരമൊരു യോഗം നടക്കുന്നില്ലെന്ന വിശദീകരണവും സുപ്രീംകോടതി നൽകി. സുപ്രീംകോടതിയിലെ മുതിർന്ന ജഡ്ജിമാരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി ജെപിസി കത്തു നൽകിയിരുന്നു.
പാർലമെന്ററി സമിതിക്ക് സിറ്റിങ് ജഡ്ജിമാരുമായി ആശയവിനിമയം നടത്തുന്നതിനു നിയമപരമായ വിലക്കില്ലെങ്കിലും ഭരണഘടന നിർദേശിക്കുന്ന അധികാരവിഭജന തത്വം പരിഗണിച്ചാണ് ജഡ്ജിമാരുടെ പിന്മാറ്റം.
പാർലമെന്റ് നിർമിച്ച നിയമങ്ങൾ വ്യാഖ്യാനിക്കുകയാണു കോടതിയുടെ ചുമതല. ഒന്നു മറ്റൊന്നിന്റെ ഭരണഘടന ചുമതലയിലേക്കു കടന്നുകയറില്ലെന്നതാണു അധികാരവിഭജന തത്വത്തിന്റെ കാതൽ.
ബില്ലിന്റെ കാര്യത്തിൽ ജെപിസി ജഡ്ജിമാരെ കാണുന്നതു ഭരണഘടനാവിരുദ്ധമാണെന്ന് സീനിയർ അഭിഭാഷകനും രാജ്യസഭാംഗവുമായ കപിൽ സിബൽ വിമർശിച്ചിരുന്നു.
%20(1).jpg)
0 Comments