പത്തനംതിട്ട: കോന്നി കുളത്തുമണ്ണിൽ കൂട്ടിലകപ്പെട്ട കരിമ്പുലിയെ തൃശൂർ പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. വിദഗ്ധ പരിശോധനയ്ക്കായാണ് സുവോളജി പാർക്കിലേക്ക് മാറ്റിയത്. പരിശോധനകൾ പൂർത്തിയാക്കിയ ശേഷം പാർക്കിൽ തന്നെ പാർപ്പിക്കാനാണ് തീരുമാനം. കൂട്ടിൽ അകപ്പെട്ട കേരളത്തിലെ ആദ്യത്തെ കരിമ്പുലിയായതിനാൽ വിശദമായ പരിശോധനയും നീരീക്ഷണവും ആവശ്യമാണെന്നാണ് വനം വകുപ്പ് പറയുന്നത്.
പെൺ കരിമ്പുലിയായതിനാൽ പ്രജനനസാധ്യത കൂടി കണക്കിലെടുത്താണ് സുവോളജിക്കൽ പാർക്കിലേക്ക് മാറ്റിയതെന്നും അധികൃതർ വ്യക്തമാക്കി. ആദ്യം ഉൾക്കാട്ടിൽ തുറന്നുവിടാനാണ് തീരുമാനിച്ചിരുന്നതെങ്കിലും ഈ നീക്കത്തിൽ എതിർപ്പുയർന്നിരുന്നു.
ഇന്നലെ വൈകിട്ടാണ് കരിമ്പുലി കൂട്ടിൽ അകപ്പെട്ടത്. രാത്രി തന്നെ കോന്നി ഇക്കോ ടൂറിസം സെന്ററിൽ എത്തിച്ചു. പുലർച്ചയോടെയാണ് സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്. ഡോക്ടറുടെ വിദഗ്ധ പരിശോധന ലഭ്യമാക്കി. ഏറെ നാളായി കോന്നിയിലും പരിസരപ്രദേശത്തും കരിമ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. ഇതോടെ കനത്ത ഭീതിയിലായിരുന്നു നാട്ടുകാർ.
കലഞ്ഞൂർ പഞ്ചായത്തിൽ നിന്ന് ഇപ്പോൾ പിടികൂടിയ കരിമ്പുലി ഉൾപ്പെടെ നാല് പുലികളെയാണ് മൂന്ന് വർഷത്തിന് ഇടയിൽ കൂട്ടിലാക്കിയത്. പ്രദേശത്ത് വേറെയും കരിമ്പുലികൾ ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
%20(1).jpg)
0 Comments