ന്യൂഡല്‍ഹി: സ്വകാര്യ ഇന്ധനവില്‍പ്പന കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില്‍പ്പനയ്ക്ക് പരിധി ഏര്‍പ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ ഇന്ധന റീട്ടെയിലര്‍മാരായ ജിയോ-ബിപി, നയാര എനര്‍ജി എന്നിവയുടെ ചില പമ്പുകളില്‍ ഡീസല്‍ വില്‍പ്പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കേന്ദ്രത്തിന്റെ നിലപാട്.
''ആര്‍ക്കും ഇന്ധന വില്‍പ്പനയ്ക്ക് പരിധി ഏര്‍പ്പെടുത്താന്‍ അനുമതിയില്ല'' പെട്രോളിയം സെക്രട്ടറി നീരജ് മിത്തല്‍ വ്യക്തമാക്കി. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഇക്കാര്യം കമ്പനികളുമായി ചര്‍ച്ച ചെയ്യുമെന്നും, ഇത്തരം നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെയും ഇതുസംബന്ധിച്ച് കമ്പനികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും മിത്തല്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോ-ബിപിയുടെ ചില ഔട്ട്‌ലെറ്റുകളില്‍ ഒരു ഉപഭോക്താവിന് പ്രതിദിനം പരമാവധി 50 ലിറ്റര്‍ ഡീസല്‍ മാത്രമാണ് നല്‍കുന്നത്. നയാര എനര്‍ജിയുടെ ചില പമ്പുകളില്‍ ഈ പരിധി 70 ലിറ്റര്‍ മുതല്‍ 200 ലിറ്റര്‍ വരെയാണ്.
ഇതിന് പിന്നില്‍ പ്രധാനമായും റീട്ടെയില്‍ ഡീസലും ബള്‍ക്ക് ഡീസലും തമ്മിലുള്ള വില വ്യത്യാസമാണ്. നിലവില്‍ ചില ഘട്ടങ്ങളില്‍ ബള്‍ക്ക് ഉപഭോക്താക്കള്‍ നല്‍കുന്ന വിലയേക്കാള്‍ റീട്ടെയില്‍ ഡീസലിന് ലിറ്ററിന് ഏകദേശം 50 രൂപ വരെ കുറവുള്ള സാഹചര്യമുണ്ട്. ഇതോടെ ഫാക്ടറികള്‍, ടെലികോം കമ്പനികള്‍, ഹോട്ടലുകള്‍, ആശുപത്രികള്‍ തുടങ്ങിയ വലിയ ഉപഭോക്താക്കള്‍ ബള്‍ക്ക് വിതരണ കേന്ദ്രങ്ങള്‍ക്ക് പകരം സാധാരണ പെട്രോള്‍ പമ്പുകളില്‍ നിന്ന് ഡീസല്‍ വാങ്ങാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇത് സ്വകാര്യ പമ്പുകളിലെ ഇന്ധന സ്റ്റോക്കിന് സമ്മര്‍ദം സൃഷ്ടിക്കുന്നതിനൊപ്പം, നിലവിലെ വില സാഹചര്യത്തില്‍ റീട്ടെയില്‍ വില്‍പ്പനയില്‍ കമ്പനികള്‍ക്ക് നഷ്ടമുണ്ടാകുന്നതും നിയന്ത്രണത്തിന് കാരണമായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

0 Comments