കാസർഗോഡ്: കാസർഗോഡ് പെരിയയിലെ കേരള കേന്ദ്ര സർവകലാശാലയിൽ വിദ്യാർഥി പ്രതിഷേധത്തിൽ അഞ്ച് വിദ്യാർഥികൾക്ക് സസ്പെൻഷൻ. എസ്എഫ്ഐ, എൻഎസ് യുഐ, എംഎസ്എഫ് ഭാരവാഹികൾക്കെതിരെയാണ് നടപടി. സംഭവത്തിൽ 25 വിദ്യാർഥികൾക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് സർവകലാശാലയിലെ ലൈബ്രറി സെമിനാർ ഹാളിലാണ് ദ്വിദിന ദേശീയ സെമിനാർ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്ന മുഖ്യ പ്രഭാഷകനും പ്രജ്ഞാ പ്രവാഹ് ദേശീയ കൺവീനറുമായ ജെ. നന്ദകുമാറിനെ ക്യാംപസിൽ എത്തിയാൽ തടയുമെന്നായിരുന്നു വിദ്യാർഥി സംഘടനകളുടെ പ്രഖ്യാപനം. മതനിരപേക്ഷവും ജനാധിപത്യപരവുമായ ക്യാംപസ് അന്തരീക്ഷം സംരക്ഷിക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എസ്എഫ്‌ഐ വ്യക്തമാക്കിയിരുന്നു
ആർഎസ്എസ് നേതാക്കളെ മുഖ്യപ്രഭാഷകരാക്കി നടത്തുന്ന ഈ സെമിനാറിന് അക്കാദമിക പ്രാധാന്യമൊന്നുമില്ലെന്നും ഇത് കാവിവത്കരണ അജണ്ടയുടെ ഭാഗമാണെന്നുമാണ് വിദ്യാർഥി സംഘടനകൾ ആരോപിക്കുന്നത്. അതേസമയം, പരിപാടി തടയാൻ ശ്രമിച്ചാൽ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി സർവകലാശാല അധികൃതരും രംഗത്തെത്തിയിട്ടുണ്ട്.

0 Comments