കാലിഫോർണിയ: ആമസോണിന് പിന്നാലെ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സ്. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. പക്ക് ന്യൂസാണ് ഇതുസംബന്ധിച്ച ന്യൂസ് പുറത്തുവിട്ടത്. കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവും ഈ വർഷം ഉടനീളം ഓഹരി വിപണിയിലുണ്ടായ ഇടിവുമാണ് പിരിട്ടുവിടലിലേക്ക് നയിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ വർഷാവസാനം നെറ്റ്ഫ്ലിക്സിൽ ഏകദേശം 16,000 മുഴുവൻ സമയ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതുവെച്ച് നോക്കുമ്പോൾ അഞ്ച് ശതമാനം കുറയ്ക്കുകയാണെങ്കിൽ ഏകദേശം 800 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നാണ് വിവരം. പിരിച്ചുവിടുന്നതിനുള്ള പ്രധാന കാരണം മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും നെറ്റ്ഫ്ലിക്സ് നേരിടുന്ന കടുത്ത മത്സരമാണ്. യൂട്യൂബ് തുടങ്ങി മറ്റു പ്ലാറ്റ്ഫോമുകൾ കൂടുതൽ കാഴ്ചക്കാരും പരസ്യങ്ങളും ആകർഷിക്കുന്നുണ്ട്. ഇതിനിടയിൽ പിടിച്ചു നിൽക്കാനായി സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് അപ്പുറത്തേക്ക് പരസ്യങ്ങൾ, ലൈവ് പ്രോഗ്രാമുകൾ, ഗെയിമിങ് എന്നിവയും നിലവിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതിനെത്തുടർന്ന് 2022ൽ നെറ്റ്ഫ്ലിക്സ് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
അതേസമയം, 2026ൽ ടെക് രംഗത്തെ തൊഴിൽ നഷ്ടം മൂന്ന് ലക്ഷം കവിഞ്ഞേക്കാമെന്നാണ് വിലയിരുത്തൽ. എഐ, ചെലവുകൾ നിയന്ത്രിക്കാനുള്ള സമ്മർദം തുടങ്ങിയവയെല്ലാം ടെക്ക് രംഗം നേരിടുന്ന പ്രധാന പ്രതിസന്ധികളാണ്. ഒറാക്കിൾ, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികൾ നിലവിൽ തൊഴിൽ വെട്ടിക്കുറയ്ക്കുന്നതിൽ മുമ്പിലാണെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.
ആമസോണും തങ്ങളുടെ വെബ്‌സൈറ്റിന്റെ മേൽനോട്ടം വഹിക്കുന്ന 'സ്റ്റോർസ്' വിഭാഗത്തിൽ നിന്ന് ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. 3000 പേർക്കായിരുന്നു ജോലി നഷ്ടപ്പെട്ടത്. നെറ്റ്‌ഫ്ലിക്സ്, ആമസോൺ മാത്രമല്ല ഡിസ്നിയിലും ഈ വർഷം പിരിച്ചുവിടൽ നടന്നിരുന്നു. ഡിസ്നി ഈ വർഷം മൂന്ന് തവണയാണ് ജീവനക്കാരെ പിരിച്ചുവിട്ടത്.
0 Comments