ഭൂമി കയ്യേറിയെന്ന പരാതി; എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും






തിരുവനന്തപുരം: ഭൂമി കയ്യേറിയെന്ന പരാതിയിൽ എകെജി സെന്ററിന്റെ ഭൂമി നാളെ അളക്കും. തിരുവനന്തപുരം തഹസിൽദാർക്ക് റവന്യൂ വകുപ്പ് നിർദേശം നൽകി. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് ഭൂമി അളക്കുന്നതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചത്.

എന്നാൽ, ഭൂമി അളക്കുന്നതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ യാതൊരു ഉത്തരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് എകെജി പഠന ഗവേഷണ കേന്ദ്രം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

എ.കെ.ജി സെന്റർ അളക്കാൻ ഹൈക്കോടതി ഉത്തരവിട്ടെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നും എകെജി പഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. ഹൈക്കോടതിയുടെ ഒരു ഉത്തരവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് വാർത്താക്കുറിപ്പിലെ വിശദീകരണം.

അതേസമയം, എ.കെ.ജി സെന്ററിന്റെ ഭൂമി അളക്കാൻ ഹൈക്കോടതി ഉത്തരവിട്ടെന്നായിരുന്നു സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ വാദം. ഭൂമി കയ്യേറിയെന്ന പരാതിയിലാണ് നടപടിയെന്നും ഫോറം വ്യക്തമാക്കിയിരുന്നു.

ഇതോടെ ഭൂമി അളക്കുന്നതിന് പിന്നിലെ ഹൈക്കോടതി നിർദേശവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വാദങ്ങളാണ് പുറത്തുവരുന്നത്. നാളെ നടക്കുന്ന ഭൂമി അളക്കലിന് ശേഷമായിരിക്കും വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കുക.

Post a Comment

0 Comments