അഗ്‌നിപഥ് പദ്ധതിയില്‍ നിര്‍ണായക മാറ്റം; അഗ്‌നിവീറുകളുടെ സേവനകാലാവധി ആറു വര്‍ഷമാക്കി

 



ന്യൂഡല്‍ഹി: സൈനിക സേവനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന അഗ്‌നിപഥ് പദ്ധതിയില്‍ നിര്‍ണായക മാറ്റങ്ങള്‍. അഗ്‌നിവീറുകളുടെ നിലവിലെ നാലുവര്‍ഷത്തെ സേവനകാലാവധി ആറു വര്‍ഷമായി ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന അഗ്‌നിവീറുകളില്‍ 75 ശതമാനം പേര്‍ക്ക് രണ്ടുവര്‍ഷം കൂടി സൈന്യത്തില്‍ തുടരാന്‍ അവസരം നല്‍കും. ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം.

നിലവിലെ വ്യവസ്ഥ പ്രകാരം നാലുവര്‍ഷത്തെ സേവനത്തിനുശേഷം 25 ശതമാനം അഗ്‌നിവീറുകളെ മാത്രമാണ് സ്ഥിരം സൈനിക സേവനത്തിലേക്ക് തിരഞ്ഞെടുക്കുന്നത്. ബാക്കിയുള്ള 75 ശതമാനം പേര്‍ക്കും സേവനം അവസാനിപ്പിക്കേണ്ടിയിരുന്നു. പുതിയ തീരുമാനത്തോടെ ഇവര്‍ക്ക് രണ്ടുവര്‍ഷം കൂടി സൈന്യത്തില്‍ തുടരാന്‍ അവസരം ലഭിക്കും. ഈ കാലയളവ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ സ്ഥിരം സൈനിക സേവനത്തിലേക്ക് പ്രവേശിക്കാനും അവസരമുണ്ടാകും. പ്രകടനം, യോഗ്യത, ശാരീരികക്ഷമത, നിശ്ചിത തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും സ്ഥിരനിയമനം.

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (സിഡിഎസ്) ജനറല്‍ എന്‍.എസ് രാജ സുബ്രഹ്മണിയാണ് പുതിയ തീരുമാനത്തിന്റെ വിശദാംശങ്ങള്‍ അറിയിച്ചത്. അഗ്‌നിവീറുകളുടെ പ്രകടനം കഴിഞ്ഞ നാലുവര്‍ഷമായി വിലയിരുത്തിവരികയാണെന്നും ലഭിച്ച പ്രതികരണങ്ങള്‍ മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി കാലാകാലങ്ങളില്‍ പുനഃപരിശോധിക്കുമെന്ന് തുടക്കംമുതല്‍ വ്യക്തമാക്കിയിരുന്നതായും കഴിഞ്ഞ മൂന്നുനാല് മാസമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടന്നുവരികയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അധിക സേവനകാലയളവില്‍ അഗ്‌നിവീറുകള്‍ക്ക് മെച്ചപ്പെട്ട വേതനവും ലഭിക്കും.

2022 ജൂണിലാണ് കേന്ദ്ര സര്‍ക്കാര്‍ അഗ്‌നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. കരസേന, നാവികസേന, വ്യോമസേന എന്നിവിടങ്ങളിലേക്ക് നാലുവര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തിലാണ് അഗ്‌നിവീറുകളെ നിയമിക്കുന്നത്. ആദ്യ ബാച്ചിലെ ഏകദേശം 18,000 അഗ്‌നിവീറുകള്‍ ഈ വര്‍ഷം ഡിസംബറോടെ നാലുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി മടങ്ങാനിരിക്കെയാണ് പുതിയ തീരുമാനം.

Post a Comment

0 Comments