ഗ്വായാക്വിൽ: ഇക്വഡോറിലെ ഗ്വായാക്വിലിൽ പള്ളിയിൽ കുർബാന നടത്തുന്നതിനിടെ ഭാരമേറിയ മരക്കുരിശ് ദേഹത്തുവീണ് കത്തോലിക്കാ വൈദികന് ദാരുണാന്ത്യം. ഔർ ലേഡി ഓഫ് പെർപെച്വൽ ഹെൽപ് പള്ളിയിലെ വികാരിയും റെഡംപ്റ്ററിസ്റ്റ് സന്യാസസമൂഹാംഗവുമായ ഫാ. പാട്രിസിയോ അൽഫ്രഡോ സാഞ്ചസ് മൊലിനാരിയാണ് മരിച്ചത്. ഒക്ടോബർ 17 ശനിയാഴ്ചയായിരുന്നു അപകടം. സമൂഹമാധ്യമങ്ങളിലൂടെ കുർബാന തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരിക്കെയാണ് ദുരന്തമുണ്ടായത്.
ദേവാലയത്തിലെ അൾത്താരയ്ക്ക് മുകളിലുള്ള ഭിത്തിയിൽ ഉറപ്പിച്ചിരുന്ന വലിയ മരക്കുരിശ് പെട്ടെന്ന് അടർന്നുവീണ് വൈദികന്റെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. കുർബാന ആരംഭിച്ച് ഏകദേശം 27 മിനിറ്റിനുശേഷമാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
കുരിശ് വീണതോടെ പള്ളിയിലുണ്ടായിരുന്ന വിശ്വാസികൾ നിലവിളിക്കുന്നതും വൈദികനെ സഹായിക്കാൻ ഓടിയെത്തുന്നതും ദൃശ്യങ്ങളിൽ കാണാം. തത്സമയ സംപ്രേഷണത്തിനിടെ പകർത്തപ്പെട്ട അപകടത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
കുരിശ് ഭിത്തിയിൽനിന്ന് വേർപെട്ടുവീഴാനുള്ള യഥാർഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കെട്ടിടത്തിന്റെ ഘടനയുമായി ബന്ധപ്പെട്ട പ്രശ്നമാണോ കുരിശ് ഉറപ്പിച്ച ഘടിപ്പിക്കലിലെ തകരാറാണോ അപകടത്തിന് കാരണമായതെന്ന് വ്യക്തമാക്കുന്ന ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
1732-ൽ ഇറ്റാലിയൻ വിശുദ്ധനായ അൽഫോൻസസ് ലിഗോരി സ്ഥാപിച്ച കോൺഗ്രിഗേഷൻ ഓഫ് ദി മോസ്റ്റ് ഹോളി റിഡീമർ എന്ന കത്തോലിക്കാ സന്യാസസമൂഹത്തിലെ അംഗമായിരുന്നു ഫാ. പാട്രിസിയോ സാഞ്ചസ് മൊലിനാരി. റെഡംപ്റ്ററിസ്റ്റുകൾ എന്ന പേരിലും ഈ സമൂഹം അറിയപ്പെടുന്നു.
%20(1).jpg)
0 Comments