ലോകമെമ്പാടുമുള്ള സർക്കാർ ഏജൻസികളെയും ബിസിനസ് സ്ഥാപനങ്ങളെയും ബാധിച്ച് മൈക്രോസോഫ്റ്റ് സേവനങ്ങൾ ഒൻപത് മണിക്കൂറിലധികം തടസ്സപ്പെട്ടു. വ്യാഴാഴ്ച (നവംബർ 12) വൈകുന്നേരം മുതൽ വെള്ളിയാഴ്ച (നവംബർ 13) രാവിലെ വരെ ലക്ഷക്കണക്കിന് ഉപയോക്താക്കൾക്ക് ഇമെയിലുകളടക്കം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യമുണ്ടായി. ടീംസ്, വേഡ്, എക്സൽ, പവർപോയിന്റ്, ഔട്ട്ലുക്ക് എന്നിവ ഉൾപ്പെടുന്ന മൈക്രോസോഫ്റ്റ് 365-ലാണ് സാങ്കേതിക തകരാർ നേരിട്ടത്. ആദ്യഘട്ടത്തിൽ തന്നെ 1,30,000-ത്തോളം പരാതികളാണ് ഇത് സംബന്ധിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഒരു കോൺഫിഗറേഷൻ അപ്ഡേറ്റിനെ തുടർന്ന് ചില സെർവറുകളിൽ അമിത ലോഡ് അനുഭവപ്പെടുകയും അവ ഓഫ്ലൈനാവുകയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കി. അടിയന്തര നടപടികളിലൂടെ സെർവറുകൾ തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അവ പ്രതികരിക്കാതെയായി. ഇതോടെ ട്രാഫിക് മറ്റ് സെർവറുകളിലേക്ക് തിരിച്ചുവിട്ടത് കൂടുതൽ സാങ്കേതിക പ്രശ്നങ്ങൾക്ക് വഴിവെച്ചു. എന്നാൽ ഇത്രയും സുപ്രധാനമായ ഒരു സംവിധാനം ഒൻപത് മണിക്കൂറിലധികം തടസ്സപ്പെടാനുണ്ടായ കൃത്യമായ കാരണം കമ്പനി ഇതുവരെ വിശദീകരിച്ചിട്ടില്ല.
ഓസ്ട്രേലിയ അടക്കമുള്ള രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ, കോടതികൾ, സ്കൂളുകൾ എന്നിവയുടെ പ്രവർത്തനത്തെ ഈ തകരാർ സാരമായി ബാധിച്ചു. ആശയവിനിമയത്തിനായി മൈക്രോസോഫ്റ്റ് 365-നെ ആശ്രയിക്കുന്ന ആരോഗ്യ പരിരക്ഷാ മേഖലയിലും ബിസിനസ് സ്ഥാപനങ്ങളിലും തടസ്സങ്ങൾ നേരിട്ടെങ്കിലും, അവശ്യ സേവനങ്ങൾ പൂർണ്ണമായും സ്തംഭിക്കുന്ന സാഹചര്യമുണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
%20(1).jpg)
0 Comments