അഗ്നിവീറുകളുടെ സേവനകാലാവധി ആറ് വർഷമായി ഉയർത്തി: നിർണായക പ്രഖ്യാപനവുമായി കേന്ദ്രം




ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്ക് കീഴിൽ സേവനമനുഷ്ഠിക്കുന്ന അഗ്നിവീറുകളുടെ കരാർ കാലാവധി നാലുവർഷത്തിൽനിന്ന് ആറുവർഷമായി ഉയർത്തി. 'സെക്കൻഡ് ടൂർ ഓഫ് ഡ്യൂട്ടി' എന്ന് വിളിക്കപ്പെടുന്ന ഭേദഗതി നിർദേശം അംഗീകരിച്ചാണ് കേന്ദ്രസർക്കാരിന്റെ നിർണായക നീക്കം. ഇതുപ്രകാരം ആറുവർഷത്തെ സേവനത്തിനുശേഷം യോഗ്യരും താല്പര്യമുള്ളവരുമായ അഗ്നിവീറുകളെ സ്ഥിരപ്പെടുത്താൻ വ്യവസ്ഥയുണ്ടാകും. ആദ്യ ബാച്ച് അഗ്നിവീറുകളുടെ നാലുവർഷത്തെ കരാർ പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. സംയുക്ത സേനാമേധാവി എൻ.എസ് രാജാ സുബ്രമണിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 

To advertise here, Contact Us
നിലവിലെ അഗ്നിപഥ് പദ്ധതി പ്രകാരം കരസേന, നാവികസേന, വ്യോമസേന എന്നിവയിലേക്ക് 17.5 വയസ്സിനും 21 വയസ്സിനും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികളെ നാലുവർഷത്തെ നിശ്ചിത കരാറിലാണ് അഗ്നിവീറുകളായി നിയമിക്കുന്നത്. നാലുവർഷത്തെ സേവനത്തിനുശേഷം ഓരോ ബാച്ചിലെയും 25 ശതമാനം പേരെ മെരിറ്റ് അടിസ്ഥാനത്തിൽ സായുധ സേനയിലെ സ്ഥിരം കേഡറിലേക്ക് ഉൾപ്പെടുത്തുകയും ബാക്കി 75 ശതമാനം പേർ സിവിലിയൻ ജീവിതത്തിലേക്ക് മടങ്ങുകയുമാണ് ചെയ്യുന്നത്. ഈ 75 ശതമാനം വരുന്ന അഗ്നിവീറുകൾക്കാണ് സെക്കൻഡ് ടൂർ ഓഫ് ഡ്യൂട്ടി എന്നപേരിൽ സേവനകാലാവധി രണ്ടുവർഷത്തേക്ക് കൂടി നീട്ടിനൽകുക.

നിലവിൽ ആദ്യവർഷം പ്രതിമാസം 30,000 രൂപയിൽ തുടങ്ങി നാലാം വർഷത്തിൽ 40,000 രൂപവരെ ലഭിക്കും. ശമ്പളത്തിൽനിന്ന് 30 ശതമാനം തുക കുറയ്ക്കുകയും അതിന് തുല്യമായ തുക കേന്ദ്ര സർക്കാർ ഒരു പ്രത്യേക നിധിയിലേക്ക് നിക്ഷേപിക്കുകയും ചെയ്യുന്നു. നാലുവർഷത്തിനുശേഷം മടങ്ങുന്നവർക്ക് നികുതിരഹിതമായ 11.71 ലക്ഷം രൂപയും സ്കിൽ സർട്ടിഫിക്കറ്റും 48 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ലഭിക്കുമെങ്കിലും പെൻഷൻ ആനുകൂല്യങ്ങൾ ലഭ്യമല്ല.

2022-ൽ റിക്രൂട്ട് ചെയ്ത ആദ്യ ബാച്ച് അഗ്നിവീറുകളുടെ നാലുവർഷത്തെ കരാർ കാലാവധി പൂർത്തിയാകുന്ന പശ്ചാത്തലത്തിലാണ് സേവനകാലാവധി നീട്ടാനുള്ള പുതിയ തീരുമാനം വന്നിരിക്കുന്നത്. നാവികസേനയിലെ ആദ്യ ബാച്ചിന്റെ സേവനം നവംബർ 21-നും, വ്യോമസേനയുടേത് ഡിസംബർ 21-നും, കരസേനയുടേത് ഡിസംബർ 31-നും അവസാനിക്കുകയാണ്. ഇത്തരത്തിൽ വിരമിക്കേണ്ടിവരുന്ന 75 ശതമാനം അഗ്നിവീറുകളിൽ ഒരു വിഭാഗത്തെ സേനയിൽ നിലനിർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. പ്രത്യേകിച്ച് നാവികസേനയിലെ ടെക്നിക്കൽ വിഭാഗത്തിലുള്ള അഗ്നിവീറുകൾക്ക് പ്രവർത്തനപരമായ ആവശ്യങ്ങൾ മുൻനിർത്തി മുൻഗണന നൽകാനാണ് ആലോചന.

നാലുവർഷത്തെ സാധാരണ കാലാവധി പൂർത്തിയാക്കുന്നവർ, രണ്ടു വർഷത്തെ താൽക്കാലിക കാലാവധി നീട്ടി ലഭിക്കുന്നവർ, 25 ശതമാനം സ്ഥിരം കേഡറിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർ എന്നിങ്ങനെ മൂന്ന് തരം ജീവനക്കാരുടെ വിഭാഗങ്ങൾ നിലവിൽ വരും. മൂന്ന് സേനകളിലുമായി തുടക്കത്തിൽ പ്രവേശിച്ച 24,400 അഗ്നിവീറുകളിൽ, വ്യോമസേന 712 പേരെയും നാവികസേന ഏകദേശം 550 പേരെയും സ്ഥിരം കേഡറിലേക്ക് ഇതിനകം ഉൾപ്പെടുത്തിയിട്ടുണ്ട്. 

Post a Comment

0 Comments