വധശിക്ഷ മരവിപ്പിക്കണമെന്ന യുഎന്‍ പ്രമേയത്തിനെതിരെ വോട്ട് ചെയ്ത് ഇന്ത്യ

 



ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ വധശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിനെതിരെ ഐക്യരാഷ്ട്ര സഭ പൊതുസഭയില്‍ വോട്ട് ചെയ്ത് ഇന്ത്യ. മെക്സിക്കോ അവതരിപ്പിച്ച പ്രമേയത്തെ 193 അംഗ പൊതുസഭയില്‍ 133 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെ 33 രാജ്യങ്ങള്‍ എതിര്‍ത്തു. 16 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. യുഎസ്, ബഹ്റൈന്‍, ചൈന, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ജപ്പാന്‍, പാകിസ്താന്‍, അമേരിക്ക, സൗദി അറേബ്യ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളും ഇന്ത്യക്കൊപ്പം പ്രമേയത്തെ എതിര്‍ത്തു.

വധശിക്ഷ പൂര്‍ണമായി നിര്‍ത്തലാക്കുകയെന്ന ലക്ഷ്യത്തോടെ എല്ലാ രാജ്യങ്ങളും വധശിക്ഷ നടപ്പാക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തണമെന്നാണ് മെക്‌സിക്കോയുടെ പ്രമേയത്തിലെ പ്രധാന ആവശ്യം. വധശിക്ഷ നിര്‍ത്തലാക്കിയ രാജ്യങ്ങള്‍ അത് പുനഃസ്ഥാപിക്കരുതെന്നും നിര്‍ദേശിക്കുന്നു. വധശിക്ഷാ പ്രയോഗം ആഗോളതലത്തില്‍ നിയന്ത്രിക്കപ്പെടുന്ന പ്രവണതയാണ് നിലനില്‍ക്കുന്നതെങ്കിലും 2025ല്‍ വധശിക്ഷാ നടപടികളില്‍ ഗണ്യമായ വര്‍ധനയുണ്ടായി. വധശിക്ഷയുടെ തുടര്‍ച്ചയായ പ്രയോഗത്തില്‍ പ്രമേയം കടുത്ത ആശങ്ക രേഖപ്പെടുത്തി.

വധശിക്ഷ നടപ്പാക്കല്‍ ക്രമേണ നിയന്ത്രിക്കണം. കുറ്റകൃത്യം നടക്കുമ്പോള്‍ 18 വയസില്‍ താഴെയുള്ളവര്‍ക്ക് വധശിക്ഷ നല്‍കരുത്. കുറ്റം നടക്കുമ്പോഴുള്ള പ്രായം കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളിലും വധശിക്ഷ ഒഴിവാക്കണം. ഗര്‍ഭിണികള്‍, മാനസികമോ ബൗദ്ധികമോ ആയ വൈകല്യമുള്ളവര്‍, പ്രായമായവര്‍ എന്നിവരുടെ കാര്യത്തിലും വധശിക്ഷ നിയന്ത്രിക്കണം. വധശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളുടെ പട്ടിക ചുരുക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അതേസമയം, രാജ്യങ്ങളുടെ സ്വന്തം നിയമസംവിധാനത്തെയും അനുയോജ്യമായ ശിക്ഷകള്‍ നിശ്ചയിക്കാനുള്ള അവകാശത്തെയും അംഗീകരിക്കുന്നുവെന്നും പ്രമേയം പറയുന്നു.

Post a Comment

0 Comments