നിയമസഭാ കയ്യാങ്കളി കേസ്: 'നിയമസഭ മുൻ സെക്രട്ടറി വിസ്താരത്തിനായി നേരിട്ട് ഹാജരാകണം'; തിരുവനന്തപുരം സിജെഎം കോടതി

 



തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ മുൻ നിയമസഭാ സെക്രട്ടറി ശാര്‍ങ്ധരൻ നേരിട്ട് കോടതിയിൽ ഹാജരായി മൊഴി നൽകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നിർദേശിച്ചു. ആരോഗ്യപ്രശ്നങ്ങൾ കാരണം ഓൺലൈൻ വഴി വിസ്താരത്തിന് അനുമതി തേടി ശാര്‍ങ്ധരൻ സമർപ്പിച്ച അപേക്ഷ കോടതി തള്ളി.

കേസിലെ ഒന്നാം സാക്ഷിയാണ് മുൻ നിയമസഭാ സെക്രട്ടറി ശാര്‍ങ്ധരൻ. ആരോഗ്യപ്രശ്നങ്ങൾ കാരണം നേരിട്ട് കോടതിയിലെത്തി മൊഴി നൽകാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ വിസ്താരത്തിന് അനുമതി തേടി അദ്ദേഹം കോടതിയെ സമീപിച്ചത്.

എന്നാൽ, ഓൺലൈൻ വിസ്താരം അനുവദിക്കുന്നതിനെ പ്രോസിക്യൂഷൻ എതിർത്തു. കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും പ്രധാനപ്പെട്ട രേഖകൾ സാക്ഷിയുടെ സാന്നിധ്യത്തിൽ നേരിട്ട് പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.

ഓൺലൈൻ വഴി വിസ്താരം നടത്തിയാൽ നടപടികളിൽ ആവശ്യമായ കൃത്യത ഉറപ്പാക്കാനാകില്ലെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സന്തോഷ് കുമാർ കോടതിയെ അറിയിച്ചു.

പ്രോസിക്യൂഷന്റെ വാദങ്ങൾ പരിഗണിച്ച കോടതി ഓൺലൈൻ വിസ്താരത്തിനുള്ള അപേക്ഷ തള്ളുകയായിരുന്നു. അടുത്ത മാസം ഒന്നിന് ശാര്‍ങ്ധരൻ നേരിട്ട് കോടതിയിൽ ഹാജരാകണമെന്നും കോടതി നിർദേശിച്ചു.




Post a Comment

0 Comments