തിരുപ്പരൻകുൺട്രത്തെ കൽത്തൂണിൽ ദീപം ഇന്ന് തെളിയിക്കും

 



ചെന്നൈ: തമിഴ്നാട് തിരുപ്പരൻകുൺട്രം മലയിലെ കൽത്തൂണിൽ ഇന്ന് ദീപം തെളിയിക്കണമെന്ന സുപ്രിംകോടതിയുടെ നിർദേശത്തിന് പിന്നാലെ സിആർപിഎഫ് സുരക്ഷാ ചുമതലയേറ്റെടുത്തു. 200 അംഗ സിആർപിഎഫ് സംഘമാണ് സുരക്ഷയൊരുക്കുന്നത്. സസ്പെൻഡ് ചെയ്ത ക്ഷേത്ര ട്രസ്റ്റിക്ക് പകരം സുപ്രിം കോടതി നിയോഗിച്ച ഹൈക്കോടതി ജഡ്ജിമാരായ ജസ്റ്റിസ് എസ്. വൈദ്യനാഥൻ, ജസ്റ്റിസ് വി.പാർഥിപൻ എന്നിവരടങ്ങിയ റിസീവർ സമിതിയുടെ മേൽനോട്ടത്തിലാണ് ദീപം തെളിയിക്കുന്നതിലുള്ള ഒരുക്കം നടക്കുന്നത്. സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരുമായി ആലോചിച്ചശേഷമായിരിക്കും ഇന്ന് ദീപം തെളിയിക്കേണ്ട സമയം തീരുമാനിക്കുക.

കൽത്തൂണിന് 50 മീറ്റർ ചുറ്റളവിൽ സുരക്ഷാവലയം തീർക്കാനാണ് കോടതി നിർദേശം. സമീപമുള്ള സിക്കന്ദർ ദർദയിലേക്കെത്തുന്ന വിശ്വാസികൾക്ക് തടസമുണ്ടാക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കാർത്തിക ദീപം കൽത്തൂണിൽ തെളിയിക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെ രൂക്ഷമായി വിമർശിച്ച സുപ്രിംകോടതി ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും പുറമെ മധുര ജില്ലാ കലക്ടർക്കും ഹിന്ദു മത ധർമ്മസ്ഥാപന വകുപ്പ് കമ്മീഷണർക്കും ട്രസ്റ്റ് അംഗങ്ങൾക്കും കോടതിയലക്ഷ്യ നോട്ടീസ് അയച്ചിട്ടുണ്ട്.

തിരുപ്പരന്‍കുണ്‍ട്രം മലമുകളില്‍ ദര്‍ഗക്കു സമീപത്തെ കല്‍ത്തൂണില്‍ കാര്‍ത്തിക മഹാദീപം തെളിക്കാന്‍ ഉത്തരവിട്ടിട്ടും തെളിക്കാത്തത് എന്തുകൊണ്ടെന്ന് ഇന്നലെ സുപ്രിംകോടതി ചോദിച്ചിരുന്നു. കോടതിയക്ഷ്യ ഹരജിയില്‍ നടപടിയുമായി മുന്നോട്ടുപോയ സുപ്രിംകോടതി, തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചു. മധുര ജില്ലാ കലക്ടര്‍ക്കും തമിഴ്‌നാട് ഡിജിപിക്കും കോടതിയലക്ഷ്യ നോട്ടീസ് നല്‍കുകയും ചെയ്തു. ക്ഷേത്ര ട്രസ്റ്റിലെ നാല് അംഗങ്ങള്‍ക്കും നോട്ടീസുണ്ട്

തിരുപ്പരന്‍കുണ്‍ട്രം മലമുകളിലെ ദര്‍ഗക്കു സമീപത്തെ തര്‍ക്കവിഷയമായ ദീപത്തൂണില്‍ നവംബര്‍ 24ന് വൈകീട്ട് ആറിനും ആറരയ്ക്കുമിടയില്‍ ഒരുതവണ ദീപം തെളിയിക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, കല്‍ത്തൂണില്‍ കാര്‍ത്തിക തെളിക്കാതെ പതിവ് സ്ഥലമായ ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിനു സമീപത്തെ ദീപമണ്ഡപത്തില്‍ തന്നെയാണ് ദീപം തെളിച്ചത്. ഇതിനെതിരെ ഹിന്ദു മുന്നണി ഉള്‍പ്പെടെയുള്ള ഹിന്ദു സംഘടനകള്‍ പ്രതിഷേധവുമായെത്തിയിരുന്നു.

ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് അനുമതി നല്‍കാത്തതാണ് ദീപം തെളിക്കാന്‍ കഴിയാതിരുന്നതിന് കാരണമെന്നാണ് മധുര ജില്ലാ കലക്ടര്‍ സുപ്രിംകോടതിയില്‍ നല്‍കിയ പ്രാഥമിക സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ അറിയിച്ചത്. ഉത്തരവ് നടപ്പാക്കാനാവാത്തതില്‍ കലക്ടര്‍ നിഷാന്ത് കൃഷ്ണ നിരുപാധികം മാപ്പ് പറയുകയും ചെയ്തിരുന്നു. പിന്നാലെയാണ് കോടതിയലക്ഷ്യ ഹരജികള്‍ സമര്‍പ്പിക്കപ്പെട്ടത്.

Post a Comment

0 Comments