പായം പഞ്ചായത്തിൽ പ്രദേശിക പൊതുജനാരോഗ്യ സമിതി രൂപവത്ക്കരിച്ചു

 


ഇരിട്ടി: കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം പായം പഞ്ചായത്തിൽ പ്രാദേശിക പൊതുജനാരോഗ്യ സമിതി രൂപവത്ക്കരിച്ചു. പഞ്ചായത്ത് പ്രസിഡന്റ അധ്യക്ഷയും വള്ളിത്തോട് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ മെമ്പർ സെക്രട്ടറിയുമായാണ് സമിതി രൂപവത്ക്കരിച്ചത്. പൊതുജനാരോഗ്യ സമിതിയുടെ ആദ്യ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി. രജനിയുടെ അധ്യതയിൽ ചേർന്നു. ഹെൽത്ത് ഇൻസ്‌പെക്ടർ ബിനോയി കുറ്റിയാനി നിയമത്തെക്കുറിച്ച് ക്ലാസെടുത്തു. പഞ്ചായത്ത് സെക്രട്ടറി കെ.ജി. സന്തോഷ്, ഡോ. ചെന്ന കേശ്വർ, ഡോ. നിഷ, കൃഷി ഓഫീസർ ജിതിൻ എന്നിവർ സംസാരിച്ചു.

 പകർച്ചവ്യാധികളായ എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം എന്നിവ പടരാതിരിക്കാൻ ബോധവത്കരണ പ്രവർത്തനങ്ങൾക്കൊപ്പം കർശനമായി നിയമം നടപ്പിലാക്കാൻ തീരുമാനിച്ചു. കുടിവെള്ള സ്രോതസ്സുകൾ മലിനപ്പെടുത്തുന്നവർക്കെതിരെയും, ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്കെതിരെയും  നിയമനടപടി സ്വീകരിക്കാനും തീരുമാനമായി.കൂടാതെ  പകർച്ചവ്യാധികൾ ഉണ്ടാകുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെയും, കൊതുക്, ഏലി, ഈച്ച വളരുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുന്നവർക്ക് എതിരെയും, പകർച്ചവ്യാധി രോഗം പിടിപെട്ട് മറ്റുള്ളവർക്ക് പകരുന്ന രൂപത്തിൽ പ്രവർത്തിക്കുന്നവർക്കെതിരെയും റബർ തോട്ടങ്ങളിൽ ടാപ്പിംഗ് ഇല്ലാത്തപ്പോൾ ചിരട്ട മാറ്റാത്തവർക്കെതിരെയും നിയമ നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ തീരുമാനിച്ചു.

നിയമ ലംഘനങ്ങൾക്കുള്ള പിഴ ഇങ്ങനെ

ഓവുചാലിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുത്തിയാൽ പിഴ 10000 മുതൽ 30000വരെ, സ്ഥാപനത്തിലെ ശുചത്വ സൗകര്യങ്ങളിൽ വീഴ്ചവരുത്തിയാൽ 10000മൂതൽ 20000വരെ, പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ 25000വരെ, പകർച്ചവ്യാധിക്ക് കാരണമാകുന്ന വെള്ളം, ഭക്ഷണം എന്നിവ വിതരണം ചെയ്താൽ 5000മുതൽ 10000വരെ, പകർച്ചവ്യാധി ഉള്ള ആൾ മറ്റുള്ളവർക്ക് പകരുന്നതരത്തിൽ ഇടപെട്ടാൽ 2000വരെ, പകർച്ചവ്യാധി ഭീഷണി ഉള്ള സ്ഥാപനങ്ങൾ അടച്ചിടുന്നതിനുള്ള നിർദ്ദേശം ലംഘിച്ചാൽ 10000 വരെ, സാമൂഹ്യ ഒത്തുകൂടൽ നിരോധിച്ച് കളക്ടർക്ക് നൽകുന്ന ഉത്തരവ് ലംഘിച്ചാൽ 25000 വരെ, എലി, തെരുവ് നായ്ക്കൾ, മറ്റു മൃഗങ്ങൾ എന്നിവ പെറ്റു പെരുകാവുന്ന തരത്തിൽ മാലിന്യം കൈകാര്യം ചെയ്താൽ 10000വരെ, വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കാതിരുന്നാൽ 2000 വരെ, പകർച്ചവ്യാധി നിയന്ത്രണത്തിനും ചികിത്സക്കും സർക്കാർ നൽകുന്ന നിർദ്ദേശങ്ങൾ/മാർഗരേഖകൾ എന്നിവയുടെ ലംഘനത്തിന് 10000 വരെ, ബയോ മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയാൽ10000 മുതൽ 50000വരെ, വീടുകളുടെയും സ്ഥാപനങ്ങളുടെയും പരിസരത്ത് കൊതുകുകളുടെ ഉറവിടം കാണപ്പെട്ടാൽ 10000 വരെ, കൊതുകു നിയന്ത്രണ പ്രവർത്തനങ്ങൾ തടസ്സപെടുത്തിയാൽ 10000 വരെ, ഉത്സവങ്ങൾ, മേളകൾ, സാമൂഹിക ഒത്തുകൂടൽ എന്നിവടങ്ങളിലെ ശുചിത്വ സൗകര്യങ്ങളിൽ വീഴ്ച വരുത്തിയാൽ 10000 വരെ, ഉത്സവങ്ങൾ, മേളകൾ, സാമൂഹിക ഒത്തുകൂടൽ എന്നിവടങ്ങളിൽ സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ 10000 വരെ, 

ജലസ്രോതസ്സ് മലിനമാക്കിയാൽ മൂന്ന് വർഷം വരെ തടവ് അല്ലെങ്കിൽ 25000 മുതൽ 200000 വരെ പിഴ അല്ലെങ്കിൽ രണ്ടും കൂടി, പകർച്ചവ്യാധിക്ക് കാരണമാകുന്ന തരത്തിലോ ഗുരുതരമായ പൊതുജനാരോഗ്യ പ്രശ്‌നം ഉണ്ടാകുന്ന തരത്തിലോ ശുചിമുറികൾ പ്രവർത്തിപ്പിച്ചാൽ ആറ് മാസം വരെ തടവ് അല്ലെങ്കിൽ 10000 മുതൽ 25000 വരെ പിഴ അല്ലെങ്കിൽ രണ്ടും കൂടി, പൊതുജനാരോഗ്യത്തിന് ഭീഷണി ആകുന്ന തരത്തിൽ തെരുവുകളിലും പൊതു / സ്വകാര്യ സ്ഥലങ്ങളിലും മാലിന്യം നിക്ഷേപിച്ചാൽ മൂന്ന് വർഷം വരെ തടവ് അല്ലെങ്കിൽ 10000 മുതൽ 25000 വരെ പിഴ അല്ലെങ്കിൽ രണ്ടും കൂടി, കുറ്റം ആവർത്തിക്കുന്ന സാഹചര്യത്തിൽ പരമാവധി പിഴയുടെ ഇരട്ടി തുക ഒടുക്കേണ്ടതായും വരും.

Post a Comment

0 Comments