കോഴിക്കോട്: വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ ഡി.വൈ.എഫ്.ഐ നേതാവ് റിബേഷിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ തയാറാണെന്ന് ജില്ലാ സെക്രട്ടറി പി.സി ഷൈജു. ഏത് അന്വേഷണ ഏജൻസിയേയും നേരിടുമെന്നും അദ്ദേഹം പറഞ്ഞു. റിബേഷ് സ്ക്രീൻഷോട്ട് ഫോർവേഡ് ചെയ്തുവെന്നും അത് അദ്ദേഹം ഉണ്ടാക്കിയിട്ടില്ലെന്നും വർഗീയ പ്രചാരണം നടക്കുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും ഷൈജു പറഞ്ഞു. റിബേഷിൻ്റെ ഉദ്ദേശശുദ്ധിയെ തെറ്റിദ്ധരിച്ചൂവെന്നും ജില്ലാ സെക്രട്ടറി പി.സി ഷൈജു പറഞ്ഞു. സ്ക്രീൻഷോട്ട് ഉണ്ടാക്കിയത് റിബേഷാണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാം നൽകാമെന്ന ഡി.വൈ.എഫ്.ഐ യുടെ പ്രഖ്യാപനം ഷൈജുവും ആവർത്തിച്ചു.
കാഫിർ വിവാദത്തിൽ റിബേഷിന് പൂർണപിന്തുണ അറിയിച്ചതിന് പിന്നാലെയാണ് ഡി.വൈ.എഫ്.ഐ ഇനാം പ്രഖ്യാപിച്ചത്. വിവാദ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിച്ചാൽ 25 ലക്ഷം രൂപ ഇനാമായി നൽകാമെന്നാണ് പ്രഖ്യാപനം. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റിയുടെതാണ് പ്രഖ്യാപനം. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് പ്രസിഡന്റാണ് റിബേഷ്. സ്ക്രീൻഷോട്ട് ആദ്യം ഷെയർ ചെയ്തത് റിബേഷ് ആണെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയത്. റിബേഷിന്റെ ഫോൺ വിശദമായ പരിശോധനക്കായി പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം ഡി.വൈ.എഫ്.ഐക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് രംഗത്തുവന്നു. സ്ക്രീൻഷോട്ട് നിർമിച്ചയാളെ കണ്ടെത്തിയാൽ പണം യൂത്ത് കോൺഗ്രസ് നൽകുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ പ്രഖ്യാപനം. സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിലാണ് ഫേസ്ബുക്കിൽ മറുപടി നൽകിയത്.
0 Comments