ഹേമ കമ്മിറ്റി റിപ്പോർട്ട്: കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം -കെ. സച്ചിദാനന്ദൻ




കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരില്ലെങ്കിലും കുറ്റക്കാർക്കെതിരെ കേസെടുത്ത് നിയമപരമായ നടപടി സ്വീകരിക്കണമെന്ന് സാഹിത്യ അക്കാദമി അധ്യക്ഷനും എഴുത്തുകാരനുമായ കെ. സച്ചിദാനന്ദൻ. റിപ്പോർട്ട് മുഴുനായും വായിച്ചു. മറ്റേത് മേഖലയെക്കാൾ കൂടുതൽ സാമ്പത്തികമായും ലൈംഗികമായുമുള്ള ചൂഷണങ്ങൾ സിനിമാ മേഖലയിൽ നടക്കുന്നുണ്ട്. കൃത്യമായ കരാറില്ലാത്തതാണ് സാമ്പത്തിക ചൂഷണത്തിന് കാരണം.

ഷൂട്ടിങ് സ്ഥലങ്ങളിൽ പ്രാഥമിക സൗകര്യങ്ങളില്ല. കേരളത്തിൽ വ്യാപകമായി ലൈംഗിക ചൂഷണം നടക്കുന്നുണ്ട്. വലിയ ലോബിയും മാഫിയയും സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു. ആളുകളെ വിലക്കാൻ ഇവർക്കാവുന്നു. പ്രധാനമായും ഈ കാര്യങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചതിൽനിന്ന് മനസ്സിലാക്കാൻ സാധിച്ചത്.

പരാതികൾ നൽകാനുള്ള വേദി സർക്കാർ ഒരുക്കണം. സാധുതയുള്ള ജ്യുഡീഷ്യൽ ബോഡി വേണം. ക്രിമിനൽ കുറ്റങ്ങൾക്ക് ക്രിമിനൽ നടപടി തന്നെ വേണം.

ഇത് കേവലം സിനിമാരംഗത്തെ മാത്രം പ്രശ്നമായി കാണാൻ കഴിയുകയില്ല. കേരളത്തിൽ ഇന്നും നിലനിൽക്കുന്ന പുരുഷാധിപത്യത്തിന്റെ ഭാഗം കൂടിയാണിത്. ഇവിടെയുള്ളതുപോലെ അത്ര തീവ്രതയിൽ ഇല്ലെങ്കിലും പുരുഷാധിപത്യത്തിന്റെ പ്രശ്നങ്ങൾ എല്ലായിടങ്ങളിലുമുണ്ട്. എന്നാൽ, സ്ത്രീകൾ അതിനെതിരെ ഉണർന്ന് തുടങ്ങിയിട്ടുണ്ട്. ആഹ്ലാദം നൽകുന്ന കാര്യമാണിത്.

നീതി കിട്ടുമെന്ന് ഉറപ്പുള്ള നിഷ്പക്ഷമായ ഒരു കമ്മീഷനോ ജുഡീഷ്യൽ ബോഡിയോ ഉണ്ടാവണം എന്നുള്ളത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. നിയമപരമായ നടപടികൾ വേണം. എങ്കിൽ മാത്രമേ റിപ്പോർട്ട് ഫലത്തിൽ നടപ്പാക്കി എന്ന് പറയാനാവൂ. തുടർനടപടി ഉണ്ടായില്ലെങ്കിൽ മറ്റു പല റിപ്പോർട്ടുകളെയും പോലെ നിഷ്ഫലമായി പോകുമെന്നും സച്ചിദാനന്ദൻ പറഞ്ഞു.

Post a Comment

0 Comments