'അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജവം എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാണിക്കുന്നില്ല'; 'അമ്മ'ക്ക് ഇരട്ടത്താപ്പെന്ന് തിലകന്റെ മകൾ




 തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'ക്ക് ഇരട്ടത്താപ്പെന്ന് തിലകന്റെ മകൾ സോണിയ. സംഘടനയിലെ പുഴുക്കുത്തുകളെ പുറത്തുപറഞ്ഞ ആളായിരുന്നു തന്റെ അച്ഛൻ. 'അമ്മ' എന്നത് കോടാലിയാണെന്ന് പറഞ്ഞതിനാണ് അച്ഛനെതിരെ നടപടിയുണ്ടായത്. റിപ്പോർട്ടിൽ അമ്മയുടെ ജനറൽ സെക്രട്ടറി ഒന്നും പ്രതികരിക്കാൻ തയ്യാറായിട്ടില്ല. അച്ഛനെ പുറത്താക്കാൻ കാണിച്ച ആർജവം എന്തുകൊണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കാണിക്കുന്നില്ലെന്നും അവർ ചോദിച്ചു.

തിലകനെതിരെ ഉണ്ടായ സംഘടനയാണ് അമ്മ. പവർ ഗ്രൂപ്പിൽ ആരൊക്കെയുണ്ട് എന്നത് ഇപ്പോൾ പറയുന്നത് ഉചിതമാകില്ല. തനിക്ക് പോലും മോശം അനുഭവമുണ്ടായിട്ടുണ്ട്. സിനിമാ മേഖലയിലുള്ള ഒരാൾ തന്നെ റൂമിലേക്ക് വിളിച്ചു. അച്ഛന്റെ മരണശേഷമാണ് അതുണ്ടായത്. തനിക്ക് മോശം അനുഭവമുണ്ടായെങ്കിൽ ഒരു പുതുമുഖത്തിന്റെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ.

പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഇടപെടലുണ്ടാവണം. ഒരു നിയമം പാസാക്കി സർക്കാർ അതിന് വേണ്ട നടപടികൾ എടുക്കണം. ഇരകൾക്ക് നീതി കിട്ടണമെന്നും സോണിയ പറഞ്ഞു.

Post a Comment

0 Comments