ഹരിത കേരളം മിഷൻ ഓർമ്മ മരത്തിന് ഒരു വയസ്




കണ്ണൂർ:ജില്ലയിലെ ഹരിത കേരളം മിഷന്റെ ഓർമ്മ മരം ക്യാമ്പയിന് ആഗസ്റ്റ് 19ന് ഒരു വർഷം പൂർത്തിയായി. ഈ പദ്ധതി പ്രകാരം ജില്ലയിൽ ഇതുവരെ നട്ടത് 467 വൃക്ഷത്തൈകൾ. 2023 ആഗസ്റ്റ് 19 നാണ് ഓർമ്മമരം ക്യാമ്പയിന് ജില്ലയിൽ തുടക്കമായത്. സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സ്ഥാപകദിനം, വ്യക്തികളുടെ ജന്മദിനം, മൺമറഞ്ഞ വ്യക്തികളുടെ ഓർമ്മ ദിനം, വിവാഹ വാർഷിക ദിനം, വിവാഹ ദിനം തുടങ്ങി എന്തെങ്കിലും പ്രത്യേകതകളുള്ള ദിനങ്ങളിൽ പൊതുസ്ഥലങ്ങളിലൊ സ്ഥാപനങ്ങളുടെ സ്ഥലത്തോ സംഘടനകളുടെ സ്ഥലത്തോ ഏതെങ്കിലും താൽപര്യമുള്ളവരുടെ സ്ഥലത്തോ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് കൊണ്ട് വൃക്ഷവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഒരു വർഷത്തിനകം 364 ഒർമ്മ മരങ്ങൾ നട്ടു പിടിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാൽ 2023 ജൂണിൽ തന്നെ ലക്ഷ്യം കൈവരിച്ചു. 2024 ആഗസ്റ്റ് 19 ആവുമ്പോഴേക്കും ലക്ഷ്യത്തേക്കാൾ 103 മരങ്ങൾ അധികം നട്ടു. വളരെ ക്രിയാത്മകമായ പ്രതികരണമാണ് ജില്ലയിൽ ഓർമ്മ മരം പരിപാടിക്ക് ഉണ്ടായതെന്ന് ഹരിത കേരളം മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പറഞ്ഞു.

ജില്ലയിലെ ഓരോ ബ്ലോക്ക് തലത്തിലും ഇതിനകം നട്ടുപിടിപ്പിച്ച ഓർമ്മമരങ്ങളുടെ എണ്ണം: എടക്കാട് 20, തലശ്ശേരി 27, പാനൂർ 77, കല്യാശ്ശേരി 35, ഇരിട്ടി 57, പേരാവൂർ 76, കൂത്തുപറമ്പ് 23, തളിപ്പറമ്പ് 14, ഇരിക്കൂർ 16, കണ്ണൂർ 13, പയ്യന്നൂർ 60, ഇരിട്ടി നഗരസഭ 43, തലശ്ശേരി നഗരസഭ 1.

Post a Comment

0 Comments