കൊല്‍ക്കത്ത കൊലപാതകം: സ്വമേധയ സ്വീകരിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

 


കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സം​ഗ കൊലപാതകത്തിൽ സ്വമേധയാ സ്വീകരിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹർജി ആദ്യ വിഷയമായി ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്ന് രാവിലെ 10.30 നാണ് കേസിൽ വാദം കേൾക്കുക. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. അതിക്രൂരമായ സംഭവത്തിൽ രാജ്യത്തുടനീളം പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലണ് കോടതിയുടെ ഇടപെടൽ. നേരത്തെ കൽക്കട്ട ഹൈക്കോടതി കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടിരുന്നു.

ഡോക്ടർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഓഫ് മെഡിക്കൽ കൺസൾട്ടൻ്റ്‌സ് ഓഫ് ഇന്ത്യ (FAMCI), ഫെഡറേഷൻ ഓഫ് റസിഡൻ്റ് ഡോക്‌ടേഴ്‌സ് അസോസിയേഷൻ (ഫോർഡ), അഭിഭാഷകൻ വിശാൽ തിവാരി എന്നിവരും കേസിൽ ഇടക്കാല അപേക്ഷകൾ നൽകി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നു.

ആശുപത്രിക്കുള്ളിൽ ആരോ​ഗ്യപ്രവർത്തകരുടെ സുരക്ഷയാണ് ഡോക്ട‍ർമാരുടെ സംഘടനകൾ ഹർജിയിൽ ഉന്നയിക്കുന്ന ആശങ്ക. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളേജുകളിലും ആശുപത്രികളിലും സുരക്ഷാ നടപടികൾ വർധിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ രൂപീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

വിഷയത്തിൽ സുപ്രീം കോടതി മുൻ ജസ്റ്റിസിന്റെ നേതൃത്വത്തിൽ വിദ​ഗ്ധ സമിതി രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മെഡിക്കൽ അസോസിയേഷൻ രം​ഗത്തെത്തിയിരുന്നു. ഡോക്ടർമാരുടെ സുരക്ഷക്കായി പ്രത്യേക മൊഡ്യൂൾ രൂപവത്ക്കരണം, സിസിടിവി ക്യാമറകൾ നിർബന്ധമായി സ്ഥാപിക്കുക, അതിക്രമങ്ങളിൽ 24 മണിക്കൂറിനുള്ളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യൽ തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പരിഗണന വേണം എന്നതടക്കമുള്ള കാര്യങ്ങളാണ് അസോസിയേഷന്‍ ആവശ്യപ്പെടുന്നത്.

Post a Comment

0 Comments