തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു; തീപിടിച്ചത് ഡീസൽ കയറ്റി വന്ന ബോഗികളിൽ

 



തിരുവള്ളൂര്‍: തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ചു.ഡീസൽ കയറ്റിവന്ന ബോഗികളിലാണ് തീപിടിച്ചത്.ഈ റെയിൽ പാതയിൽ ട്രെയിൻഗതാഗതം പൂർണമായും സ്തംഭിച്ചു. ഇന്ന് പുലര്‍ച്ചെ 5:30 ഓടെ ഡീസൽ കൊണ്ടുപോകുന്ന ഒരു ഗുഡ്‌സ് ട്രെയിനിന്റെ നാല് ബോഗികളിലാണ് തീപിടിച്ചതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്ത് വലിയ തീയും പുകയും ഉയര്‍ന്നു.

അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഡീസലിന് തീപിടിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമാണെന്ന് അഗ്നിശമന സേനാ മേധാവി സീമ അഗർവാൾ പറഞ്ഞുമണാലിയിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിച്ചത്. അപകടത്തെത്തുടര്‍ന്ന് സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

സംഭവത്തെത്തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് റെയില്‍വെ അധികൃതര്‍ പറഞ്ഞു.

Post a Comment

0 Comments