'24 മണിക്കൂറിനുള്ളിൽ രാജ്യം വിടണം'; ഡല്‍ഹിയിലെ പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി ഇന്ത്യ

 



ഡൽഹി: ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം നൽകി. ഉദ്യോഗസ്ഥർ പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ കർശന നിർദേശം നൽകി. ഉദ്യോഗസ്ഥന്‍റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അതേസമയം പാക്ഭീകരത ലോകരാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഇന്ത്യയുടെ സർവകക്ഷി പ്രതിനിധി സംഘങ്ങളുടെ യാത്ര ആരംഭിച്ചു. ജോൺ ബ്രിട്ടാസ് എംപി അടങ്ങുന്ന ജപ്പാനിലേക്കുള്ള ആദ്യസംഘം ഡൽഹിയിൽ നിന്ന് പുറപ്പെട്ടു. യുഎഇയിലേക്കുള്ള രണ്ടാം സംഘം ഇന്ന് രാത്രി പുറപ്പെടും.

ജപ്പാനിലേക്കുള്ള സംഘത്തെ ആർജെഡി നേതാവ് മനോജ്‌ കുമാർ ഝായും യുഎഇ സംഘത്തെ ശ്രീകാന്ത് ഷിന്‍ഡേയുമാണ് നയിക്കുക. ജോൺ ബ്രിട്ടാസ്‌ എംപി അംഗമായ സംഘം ബാങ്കോക്ക്‌ വഴി ജപ്പാൻ തലസ്ഥാനമായ ടോക്യോയിലേക്കാണ് പുറപ്പെടുന്നത്. ഇന്തോനേഷ്യ, മലേഷ്യ, കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലും സംഘം സന്ദർശിക്കും.

ടിഎംസി എംപി അഭിഷേക് ബാനർജി, ബിജെപി എംപിമാരായ പ്രദാൻ ബറുവ, ബ്രിജ് ലാൽ, അപരാജിത സാരംഗി, ഡോ. ഹേമങ് ജോഷി,അംബാസഡർ മോഹൻ കുമാർ എന്നിവരും ആദ്യസംഘത്തിലുണ്ട്. ജനപ്രതിനിധികൾ, നയരൂപീകരണസംഘങ്ങൾ, മാധ്യമങ്ങൾ, അതത്‌ രാജ്യങ്ങളിലെ ഇന്ത്യൻ സമൂഹങ്ങൾ തുടങ്ങിയവരുമായി ചർച്ചകൾ നടത്തും. യാത്ര ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്നും പ്രതിപക്ഷ ചോദ്യങ്ങൾക്ക് കേന്ദ്രസർക്കാർ ഉത്തരം നൽകുന്നില്ലെന്നും കോൺഗ്രസ്‌ ആരോപിച്ചു.യുഎഇ സംഘത്തിൽ ഇ.ടി മുഹമ്മദ്‌ ബഷീറും ഉണ്ടാകും.

Post a Comment

0 Comments