വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു; ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തി



വിദേശകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം മന്ത്രി എസ് ജയശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ച് ഡല്‍ഹി പൊലീസ്. മന്ത്രിക്ക് ബുള്ളറ്റ് പ്രൂഫ് കാര്‍ ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലും സുരക്ഷ വര്‍ധിപ്പിച്ചു. പഹല്‍ഗാം ആക്രമണവും പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മില്‍ സംഘര്‍ഷമുണ്ടായതും കണക്കിലെടുത്താണ് തീരുമാനം. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയിലെത്തിയെങ്കിലും വിദേശകാര്യമന്ത്രിയുടെ സുരക്ഷ വര്‍ധിപ്പിക്കേണ്ടതുണ്ടെന്ന് പൊലീസിന് നിര്‍ദേശം ലഭിക്കുകയായിരുന്നു.

വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുടേയും 25 ബിജെപി നേതാക്കളുടേയും സുരക്ഷ വര്‍ധിപ്പിക്കുന്നതിലും തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. കേന്ദ്രമന്ത്രിമാര്‍, ബിജെപി എംപിമാര്‍, ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത മുതലായവരുടെ സുരക്ഷ കൂട്ടാനാണ് നീക്കങ്ങള്‍ നടക്കുന്നത്. ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സഞ്ജയ് അറോറയും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.

പാകിസ്താനെതിരെ സോഷ്യല്‍ മീഡിയയിലൂടെ ഉള്‍പ്പെടെ പരസ്യമായി രൂക്ഷമായി പ്രതികരിച്ച നേതാക്കളുടെ സുരക്ഷ വര്‍ധിപ്പിച്ചേക്കും. വിഐപികളുടെ സുരക്ഷാ ജീവനക്കാര്‍ക്ക് ഫയറിംഗ്, മെഡിക്കല്‍ എമര്‍ജന്‍സി പരിശീലനങ്ങളും നല്‍കും. വിദേശകാര്യമന്ത്രി എസ് ജയശങ്കറിന്റേത് ഉള്‍പ്പെടെ ത്രട്ട് അസസ്‌മെന്റ് നടത്താനും പൊലീസിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്

Post a Comment

0 Comments