വേടനെതിരായ പുല്ലിപ്പല്ല് കേസ്; റേഞ്ച് ഓഫീസറെ സ്ഥലംമാറ്റി

 



കൊച്ചി: റാപ്പർ വേടനെതിരായ പുല്ലിപ്പല്ല് കേസിലെ വിവാദത്തിൽ നടപടിയുമായി വനം വകുപ്പ്. റേഞ്ച് ഓഫീസറെ സ്ഥലംമാറ്റി. കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ മുന്‍പാകെ വിവരിച്ച കോടനാട് റേഞ്ച് ഓഫീസര്‍ അധീഷീനെ‍ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക് സ്ഥലം മാറ്റാൻ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ ഉത്തരവിട്ടു. പ്രതിക്ക് ശ്രീലങ്കന്‍ ബന്ധം ഉണ്ട് തുടങ്ങിയ സ്ഥിരീകരിക്കാത്ത സ്റ്റേറ്റ്മെന്‍റുകൾ അന്വേഷണ മധ്യേ മാധ്യമങ്ങള്‍ക്ക് മുന്‍പാകെ വെളിപ്പെടുത്തിയത് ശരിയായ അന്വേഷണ രീതിയല്ല.

വകുപ്പുതല അന്വേഷണത്തിന് വിധേയമായി ആണ് സ്ഥലം മാറ്റം. പ്രഥമദൃഷ്ട്യാ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമായി കണ്ടാണ് നടപടി. വിശദമായ അന്വേഷണം നടത്തി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് ലഭിച്ച ശേഷം മറ്റ് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്ന് മന്ത്രി പറഞ്ഞു.

കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിലെ തെളിവുകള്‍ അനുസരിച്ച് പ്രഥമദൃഷ്ട്യാ കുറ്റകൃത്യം തെളിയിക്കാനായില്ല എന്നും കോടതി നിരീക്ഷിച്ചു. റാപ്പര്‍ വേടന്റെ മാലയിലെ പുലിപ്പല്ല് യഥാര്‍ഥമാണോയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. പുലിപ്പല്ല് യഥാര്‍ഥമാണോ എന്ന് കണ്ടെത്തേണ്ടത് ശാസ്ത്രീയ പരിശോധനയിൽ ആണെന്നും പെരുമ്പാവൂര്‍ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യ ഉത്തരവിൽ വ്യക്തമാക്കുന്നു. റാപ്പര്‍ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്നാണ് വേടൻ പറഞ്ഞത്. മൊബൈൽ ഫോണും പുലിപ്പല്ല് അടങ്ങുന്ന മാലയും തിരികെ നൽകിയെങ്കിലും മൊബൈൽ ഫോണും മാലയും മാത്രമാണ് വേടൻ വാങ്ങിയതെന്നാണ് വിവരം.

പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റര്‍ചെയ്ത കേസില്‍ റാപ്പര്‍ വേടന് ഏപ്രിൽ 30 നാണ് ജാമ്യം ലഭിച്ചത്. പെരുമ്പാവൂര്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വേടന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. താന്‍ മനഃപൂര്‍വം തെറ്റ് ചെയ്തിട്ടില്ലെന്നും ആരാധകര്‍ സമ്മാനിച്ച വസ്തു സ്വീകരിക്കുക മാത്രമാണ് ചെയ്തതെന്നും വേടന്‍ ജാമ്യാപേക്ഷയില്‍ കോടതിയില്‍ പറഞ്ഞു. ഇത് യഥാര്‍ഥ പുലിപ്പല്ല് ആണെന്ന് അറിയില്ലായിരുന്നു. കോടതി നിര്‍ദേശിക്കുന്ന ഏത് ജാമ്യവ്യവസ്ഥകളും അംഗീകരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു വേടൻ പറഞ്ഞത്. എന്നാൽ ജാമ്യാപേക്ഷയെ വനംവകുപ്പ് എതിര്‍ത്തെങ്കിലും കോടതി തള്ളിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

Post a Comment

0 Comments